തന്റെ ബാറ്റിങ് കഴിവുകളെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരത്തിനുശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബാറ്റിങ്ങില്‍ ബുംമ്രയുടെ കഴിവുകളെ പരിഹസിക്കുന്ന തരത്തിലുള്ള ചോദ്യമുയര്‍ന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ബുംമ്രയോട് അഭിപ്രായം ചോദിച്ചച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ അഭിപ്രായം പറയാന്‍ ബുംമ്ര അനുയോജ്യനായ വ്യക്തിയല്ലെന്ന് ആദ്യം തന്നെ ആരോപിച്ചുകൊണ്ടുള്ള ചോദ്യമാണ് ബുംമ്രയെ ചൊടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ടുള്ള തന്റെ ലോക റെക്കോര്‍ഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബുംമ്ര മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്.
റിപ്പോര്‍ട്ടറുമായുള്ള ബുംമ്രയുടെ സംഭാഷണം:
റിപ്പോര്‍ട്ടര്‍: 'ഹായ്, ജസ്പ്രീത്. ഒന്നാം ഇന്നിങ്‌സില്‍ ടീമിന്റെ ബാറ്റിങ്ങിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നിങ്ങള്‍ ആളല്ല. എന്നാലും ഗാബയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?'
ബുംറ: 'ഇതൊരു രസകരമായ ചോദ്യമാണ്. പക്ഷേ നിങ്ങള്‍ എന്റെ ബാറ്റിങ് കഴിവിനെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിച്ച് ഒരു ടെസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ആരെന്ന് നോക്കണം. അങ്ങനെ ചില കഥകളുമുണ്ട്'
🗣 "𝙂𝙊𝙊𝙂𝙇𝙀 𝙒𝙃𝙄𝘾𝙃 𝙋𝙇𝘼𝙔𝙀𝙍 𝙃𝘼𝙎 𝙈𝙊𝙎𝙏 𝙍𝙐𝙉𝙎 𝙄𝙉 𝘼 𝙏𝙀𝙎𝙏 𝙊𝙑𝙀𝙍" - #JaspritBumrah knows how to handle tricky questions, just as he tackles tricky batters, speaking about his batting prowess, and the support he gets from the team's bowlers! 👊
— Star Sports (@StarSportsIndia) December 16, 2024
Excited… pic.twitter.com/uDX1P2NpRw
2022ല്‍ ബര്‍മിങ്ഹാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 34 റണ്‍സടിച്ചതിനെക്കുറിച്ചായിരുന്നു ജസ്പ്രീത് ബുംമ്ര പരാമര്‍ശിച്ചത്.
റിപ്പോര്‍ട്ടറുടെ വായടപ്പിച്ചുകൊണ്ടുള്ള ബുംമ്രയുടെ മറുപടി വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകരിലും ചിരിപടര്‍ത്തി.
അതേസമയം ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ നിര്‍ണായകമായ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംമ്രയാണ്. ഉസ്മാന്‍ ഖവാജ (21), നതാന്‍ മക്സ്വീനി (9), സ്റ്റീവന്‍ സ്മിത്ത് (101), ട്രാവിസ് ഹെഡ് (152), മിച്ചല്‍ മാര്‍ഷ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (18) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്.
മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ കെ എല്‍ രാഹുലും റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനി 394 റണ്‍സ് കൂടി വേണം.
നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ ഓസ്‌ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചു. അലക്‌സ് ക്യാരിയുടെ 70 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന്റെ ഹൈലൈറ്റ്‌സ്. മിച്ചല്‍ സ്റ്റാര്‍ക് 18 റണ്‍സെടുത്തും പുറത്തായി.
Content Highlights: Jasprit Bumrah reminds reporter of his batting skills, asks to use Google on cheeky remark