ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കഷ്ടിച്ച് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ. മുന്‍നിര തകര്‍ന്നടിഞ്ഞ ഇന്ത്യയെ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്. നാലാം ദിനം ജസ്പ്രീത് ബുംമ്രയുടെയും ആകാശ് ദീപിന്‍റെയും അപരാജിത പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഫോളോ ഓണ്‍ ഒഴിവാക്കിയതിന് പിന്നാലെ ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളുടെയും കോച്ചിന്റെയും ആഘോഷമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതുന്നതിനിടെ രവീന്ദ്ര ജഡേജയ്ക്കും മടങ്ങേണ്ടിവന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിര. 123 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 77 റണ്‍സ് എടുത്താണ് രവീന്ദ്ര ജഡേജ പുറത്തായത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികടക്കാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.
എന്നാല്‍ പത്താം വിക്കറ്റില്‍ ബുംമ്രയും ആകാശ് ദീപും ചേര്‍ന്ന് നേടിയ 39 റണ്‍സിന്റെ അപരാജിത ചെറുത്തുനില്‍പ്പ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചു. 74.2 ഓവറില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ബൗണ്ടറിയടിച്ച് ആകാശ് ദീപാണ് ഫോളോ ഓണ്‍ ഒഴിവാക്കിയത്. ഫീല്‍ഡറിന് മുകളിലൂടെ കട്ട് ചെയ്ത് ബൗണ്ടറി അടിച്ച് ആകാശ് ഇന്ത്യന്‍ സ്‌കോര്‍ 246ല്‍ എത്തിക്കുകയും ചെയ്തു.
ഫോളോ ഓണ്‍ ഭീഷണി ഒഴിവായതിന്‍റെ ആവേശം ആഘോഷമാക്കിയത് ഇന്ത്യന്‍ ഡ്രസിങ് റൂം ആയിരുന്നു. ആവേശത്തോടെ സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റ വിരാട് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കൈ കൊടുക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കോച്ച് ഗംഭീറും മുഷ്ടിചുരുട്ടി ആവേശം പങ്കുവെച്ചു.
PEAK CELEBRATION IN INDIAN DRESSING ROOM. 🤣🔥pic.twitter.com/37RaRoq2y0
— Mufaddal Vohra (@mufaddal_vohra) December 17, 2024
തൊട്ടടുത്ത പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും നാലാം പന്തില്‍ കമ്മിന്‍സിനെ ആകാശ് കൂറ്റന്‍ സിക്‌സറിന് പറത്തുകയും ചെയ്തു. മിഡ് വിക്കറ്റിന് മുകളിലൂടെ ആകാശ് പായിച്ച സിക്‌സ് കാണാനായി കോഹ്‌ലി ആവേശത്തോടെ വീണ്ടും ചാടിയെഴുന്നേല്‍ക്കുകയും ചെയ്തു. ഈ ഡ്രസിങ് റൂം ആവേശകാഴ്ചകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: IND vs AUS: Virat Kohli, Gambhir celebrate as Akash-Bumrah help India avoid follow-on