ഗാബയില്‍ 'ടെയില്‍ എന്‍ഡ് ട്വിസ്റ്റ്', ബുംമ്രയും ആകാശും രക്ഷകരായി; ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യ

കെ എല്‍‍ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ഇന്ത്യയ്ക്ക് നിർണായകമായി.

dot image

ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ ഭീഷണി ഒഴിവാക്കി ഇന്ത്യ. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ‌ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു. 213 റണ്‍സില്‍ വച്ച് ഇന്ത്യയുടെ ഒന്‍പത് വിക്കറ്റുകളും നഷ്ടപ്പെട്ടെങ്കിലും പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. കെ എല്‍‍ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെയും ചെറുത്തുനിൽപ്പും ഇന്ത്യയ്ക്ക് നിർണായകമായി.

തുടക്കത്തില്‍ കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും രാഹുല്‍ ചെറുത്തുനിന്നത് ഇന്ത്യയ്ക്ക് തുണയായി. 139 പന്തില്‍ 84 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് രാഹുല്‍ ഔട്ടായത്. നഥാൻ‌ ലിയോണ്‍ ആണ് രാഹുലിനെ പുറത്താക്കിയത്.

ആദ്യ സെഷനില്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 27 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായ രോഹിത് വീണ്ടും നിരാശപ്പെടുത്തി. ഇന്ത്യൻ‌ നായകനെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് കാരി പിടികൂടുകയായിരുന്നു. ടീം സ്കോർ 74 ഉള്ളപ്പോഴായിരുന്നു രോഹിത്തിന്റെ മടക്കം. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തി.

ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വാലറ്റത്തെ കൂട്ടിപിടിച്ച് പൊരുതുന്നതിനിടെ രവീന്ദ്ര ജഡേജയ്ക്കും മടങ്ങേണ്ടിവന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 123 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 77 റണ്‍സ് എടുത്താണ് രവീന്ദ്ര ജഡേജ പുറത്തായത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികടക്കാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.

പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും ചേര്‍ന്ന് നേടിയ 39 റണ്‍സിന്‍റെ അപരാജിത ചെറുത്തുനില്‍പ്പ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചു. നാലാം ദിനം കളിനിർത്തുമ്പോൾ 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായി ജസ്പ്രീത് ബുംമ്രയുമാണ് ക്രീസില്‍.

Content Highlights: 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us