തലയുയര്‍ത്തി സൗത്തിക്ക് മടങ്ങാം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കിവീസിന് മിന്നും വിജയം

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു

dot image

സ്റ്റാര്‍ പേസര്‍ ടിം സൗത്തിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ കൂറ്റന്‍ വിജയവുമായി ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 423 റണ്‍സിന്റെ ആശ്വാസവിജയമാണ് കിവികള്‍ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 658 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 234 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മിച്ചല്‍ സാന്റ്‌നറുടെ ഓള്‍റൗണ്ട് മികവാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. രണ്ടിന്നിങ്സിലും ബാറ്റിങ്ങില്‍ തിളങ്ങിയ (76, 49) സാന്റ്‌നര്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റുകള്‍ കൂടി വീഴ്ത്തി.

96 പന്തില്‍ 76 റണ്‍സെടുത്ത ജേക്കബ് ബേഥലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായത്. 54 റണ്‍സെടുത്ത് ജോ റൂട്ട് മടങ്ങിയപ്പോള്‍ ഗുസ് അകിറ്റ്‌സണ്‍ 43 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ഹാരി ബ്രൂക്ക് രണ്ടാം ഇന്നിങ്‌സില്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റിയും തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന ടിം സൗത്തിയും രണ്ട് വീതം വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിനെതിരായ ആശ്വാസവിജയത്തോടെ ടിം സൗത്തിക്ക് അഭിമാനത്തോടെ വിടവാങ്ങല്‍ നല്‍കാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലും കിവീസ് നേട്ടമുണ്ടാക്കി. പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു. 14 മത്സരങ്ങളില്‍ ഏഴ് വിജയവും ഏഴ് പരാജയവുമായി 48.21 പോയിന്റ് ശതമാനവുമായി ഇന്ത്യയ്ക്ക് പിന്നിലാണ് ന്യൂസിലാന്‍ഡ്.

Content Highlights: 3rd Test: New Zealand Beat England By 423 Runs To Bid Tim Southee A Winning Farewell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us