10 ൽ 9 വട്ടവും അയാൾ ആ ക്യാച്ച് എടുക്കും, പക്ഷേ, കൈവിട്ടു; പിന്നെ സെഞ്ച്വറിക്കരികെ അയാൾ പറന്നങ്ങ് പിടിച്ചു!

സ്ലിപ്പില്‍ തനിക്ക് ലഭിച്ച അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിടുകയായിരുന്നു.

dot image

ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു. മുൻ നിര ബാറ്റർമാരിൽ കെ എൽ രാഹുൽ ഒഴികെ മറ്റെല്ലാവരും പാരാജയപ്പെട്ടു. രവീന്ദ്ര ജഡേജയ്ക്ക് മികച്ച പിന്തുണ നൽകാനും രാഹുലിനായി. ശേഷം പത്താം വിക്കറ്റിൽ ആകാശ് ദീപും ബുംമ്രയും ഈ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

അതേ സമയം നാലാം ദിനം ആദ്യ പന്തില്‍ തന്നെ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാകേണ്ടതായിരുന്നു. 32 റൺസായിരുന്നു അപ്പോൾ രാഹുൽ നേടിയിരുന്നത്. ഇന്ത്യയുടെ ടോട്ടൽ സ്കോറാകട്ടെ നാല് വിക്കറ്റിന് 41 റൺസും. ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ ആദ്യ പന്തിലായിരുന്നു രാഹുലിന് രണ്ടാം ജീവൻ ലഭിച്ചത്.

സ്ലിപ്പില്‍ തനിക്ക് ലഭിച്ച അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിടുകയായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്‍റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണു. കെ എൽ രാഹുലും വളരെ അത്ഭുതത്തോടെയാണ് ഈ ഡ്രോപ്പ് ക്യാച്ചിനെ നോക്കി കണ്ടത്. ബൗളിങ് എൻഡിൽ ഒന്നും പറയാതെ നിരാശനായി പുറം തിരിഞ്ഞു നടക്കുന്ന ക്യാപ്റ്റൻ കമ്മിൻസിനെയും കാണാമായിരുന്നു.

ഒരു തവണ ജീവൻ തിരിച്ചു പിടിച്ച രാഹുൽ പിന്നീട് കൂടുതൽ ശ്രദ്ധയോടെ ബാറ്റ് വീശി. പിന്നീട് 84 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതി ഇന്ത്യയെ രക്ഷിച്ചു. പക്ഷെ അർഹിച്ച സെഞ്ച്വറിയിലേക്ക് കുതിച്ച രാഹുലിനെ നഥാൻ ലിയോണിന്റെ പന്തിൽ സ്മിത്ത് ഒരുഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി. രാഹുല്‍ കട്ട് ചെയ്ത പന്ത് തേര്‍ഡ് മാനിലേക്ക് പോകുമെന്ന് കരുതിയിരിക്കെ സ്ലിപ്പില്‍ നിന്ന് സ്മിത്ത് ഒറ്റക്കൈയില്‍ പറന്നു പിടിക്കുകയായിരുന്നു. 139 പന്തില്‍ എട്ട് ഫോറുകളടക്കം 84 റൺസാണ് രാഹുൽ നേടിയത്.

Content Highlights: steve smith drops simple catch of klrahul then takes a one hand catch

dot image
To advertise here,contact us
dot image