അവസാന 13 ടെസ്റ്റിൽ ശരാശരി 11.69; രോഹിത്തിന്റെ ബാറ്റിങ്ങ് ഫ്ലോപ്പിന് പിന്നിലെ കാരണം വിശദീകരിച്ച് പുജാര

ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്കർ ട്രോഫിയില്‍ രോഹിത് ഫോമിലെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു, എന്നാൽ അതുണ്ടായില്ല

dot image

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തിയത്. 27 പന്തുകള്‍ നേരിട്ട അദ്ദേഹം 10 റണ്‍സുമായി പാറ്റ് കമ്മിന്‍സിന്റെ മുന്നില്‍ ഒരിക്കല്‍ കൂടി അടിയറവ് പറഞ്ഞു. അഡലെയ്ഡിൽ ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസും രണ്ടാം ഇന്നിങ്സിൽ ആറ് റൺസുമായിരുന്നു രോഹിതിന്‍റെ സമ്പാദ്യം. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ പരമ്പരയിലും രോഹിത് പരാജയമായിരുന്നു.

അവസാന 13 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ രോഹിത് ശര്‍മയുടെ ശരാശരി 11.69 മാത്രമാണ്. കുറച്ചുകാലമായി സ്വതസിദ്ധമായ ബാറ്റിങ് ശൈലിയിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കാത്തത് ടീം ഇന്ത്യയെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്കർ ട്രോഫിയില്‍ രോഹിത് ഫോമിലെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാൽ അതുണ്ടായില്ല.

വര്‍ഷങ്ങളായി കളിച്ചുവരുന്ന ഓപണര്‍ സ്ഥാനത്ത് നിന്ന് മാറി കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലും ആറാമനായാണ് രോഹിത് ഇറങ്ങിയത്. ആദ്യ തവണ ബോളണ്ടിന്റെ പന്തില്‍ പുറത്തായപ്പോള്‍ കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളിലും കമ്മിന്‍സിനാണ് വിക്കറ്റ്. നാലാം ദിനം ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി കളിയവസാനിപ്പിച്ചപ്പോൾ രോഹിതിന്‍റെ ബാറ്റിങിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ഇന്ത്യന്‍ നായകന്റെ ആവര്‍ത്തിച്ചുള്ള സാങ്കേതിക വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം താരത്തിന്റെ മാനസികമായ സമീപനങ്ങളിലെ പ്രശ്‍നങ്ങളും ഉയർത്തി കാട്ടി.

ഷോട്ട് സെലക്ഷനിലും ഫൂട്ട് വർക്കിലുമുള്ള നിര്‍ണായക പിഴവുകള്‍ പുജാര ചൂണ്ടിക്കാട്ടി. ബാറ്റും ശരീരവും തമ്മിലുള്ള വിടവ് വളരെ കൂടുതലാണെന്നും ഇത് ബൗളർമാർക്ക് കൂടുതൽ ആധിപത്യം നല്കുന്നുവവെന്നും പുജാര പറഞ്ഞു. 'ഗാബയിലെ പുറത്താകലും ഇങ്ങനെയായിരുന്നു, അദ്ദേഹം ശരീരത്തില്‍ നിന്ന് മാറി കളിച്ചു. ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ദൂരത്തായിരുന്നില്ല പന്ത്. ഒരു ഫുള്‍ ലെങ്ത് പന്തില്‍ പോലും ഡ്രൈവ് പ്രയാസമായിരിക്കെ അദ്ദേഹം ആ പന്ത് പഞ്ച് ചെയ്യാന്‍ ശ്രമിച്ചു. ആ പന്ത് പ്രതിരോധിക്കണമായിരുന്നു. പന്തിലേക്ക് പോകുന്നതിനുപകരം പന്ത് തന്നിലേക്ക് വരാന്‍ അനുവദിക്കണമായിരുന്നു'- സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പുജാര അഭിപ്രായപ്പെട്ടു.

അതേസമയം ഗാബയിലെ രണ്ടാം ഇന്നിങ്‌സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതി നിർണ്ണായകമാകും. നിലവിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കുമ്പോൾ ഇന്ത്യ 193 റൺസിന് പിന്നിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 445 ന് ഇതുവരെ 252 റൺസിന്റെ മറുപടിയാണ് നൽകിയത്. കെ എൽ രാഹുൽ, ജഡേജ, വാലറ്റത്ത് ബുംമ്ര, ആകാശ് ദീപ് എന്നിവരാണ് ഫോളോ ഓൺ ഭീഷണിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

Content Highlights: what is happening to rohit sharma cheteshwar pujara opens up about his continued lapses

dot image
To advertise here,contact us
dot image