അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നില്ലെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അശ്വിന്റെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
'വിരമിക്കുകയെന്നത് പലര്‍ക്കും വൈകാരികമായ തീരുമാനമായിരിക്കാം. ഒരുപക്ഷേ അവരുമായി ആഴത്തിലുള്ള ബന്ധമുള്ളതുകൊണ്ടായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ആശ്വാസവും സംതൃപ്തിയുമാണ് നല്‍കിയത്. കുറച്ചുകാലമായി വിരമിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും സഹജമായ തോന്നലായിരുന്നു അത്. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ആ ചിന്ത എനിക്ക് ശരിക്കും അനുഭവപ്പെട്ടു. അഞ്ചാം ദിനം പ്രഖ്യാപിക്കുകയും ചെയ്തു', അശ്വിന്‍ പറഞ്ഞു.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും അശ്വിന്‍ വ്യക്തമാക്കി. ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കാന്‍ പോവുകയാണ്. എനിക്ക് കഴിയുന്നിടത്തോളം ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നാല്‍ ആശ്ചര്യപ്പെടരുത്. അശ്വിന്‍ എന്ന ക്രിക്കറ്റ് താരം തീര്‍ന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ അശ്വിന്‍ മാത്രമാണ് ഇപ്പോള്‍ വിരമിച്ചിരിക്കുന്നത്', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Anbuden Awaits...💛#WhistlePodu #99Forever @ashwinravi99 pic.twitter.com/hNJo4DifEA
— Chennai Super Kings (@ChennaiIPL) December 19, 2024
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അശ്വിന്‍ ക്രിക്കറ്റ് മതിയാക്കിയതായി പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ന് രാവിലെ താരം ഓസ്ട്രേലിയയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് അശ്വിന്‍ ഇനി കളത്തിലിറങ്ങുക. 2025 ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുകയായിരുന്നു.
Content Highlights: ‘Don’t think Ashwin, the cricketer is done', R Ashwin says day after retiring