അന്താരാഷ്ട്ര വനിത ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ താരം റിച്ച ഘോഷ്. വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ മൂന്നാം ട്വന്റി 20യിൽ 18 പന്തുകളിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അർധ സെഞ്ച്വറി തികച്ചത്. ന്യൂസിലാൻഡ് താരം സോഫിയ ഡിവൈൻ, ഓസീസ് താരം ഫോബ് ലിച്ച്‌ഫീൽഡ് എന്നിവരും 18 പന്തിൽ അർധ സെഞ്ച്വറി നേടിയ താരങ്ങളാണ്.
അതിനിടെ വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടിയ വിൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്മൃതി മന്ദാന 47 പന്തില്‍ 77 റൺസ്, റിച്ചാ ഘോഷ് 21 പന്തിൽ 54 റൺസ് എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് 39 റൺസും രാഘ്‌വി ബിഷ്ട് പുറത്താകാതെ 30 റൺസും നേടി സംഭാവന ചെയ്തു.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്കായി ചിനെല്ലെ ഹെന്റി 43 റൺസെടുത്ത് ടോപ് സ്കോററായി. ഡിയാന്ദ്ര ഡോട്ടിന്‍ 25 റൺസെടുത്തു. ഹെയ്‌ലി മാത്യൂസിന്റെ വകയായി 22 റൺസും സംഭാവന ചെയ്തു. എന്നാൽ വിജയലക്ഷ്യത്തിലേക്ക് പോന്നതായിരുന്നില്ല ആരുടെയും ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി രാധാ യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Richa Ghosh Equals 'Fastest 50' World Record