ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓൾ റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്. അപ്രതീക്ഷിതമായി വെറ്ററൻ താരത്തിൽ നിന്നുണ്ടായ വിരമിക്കൽ പ്രഖ്യാപനം വലിയ തുടർ ചർച്ചകൾ ഉണ്ടാക്കി. ഇപ്പോൾ ഇതിനിടെ ചർച്ചയായിരിക്കുകയാണ് പുതുമുഖ സ്പിന്നറും അശ്വിന്റെ പിൻഗാമിയായും കണക്കാക്കുന്ൻ വാഷിങ്ടൺ സുന്ദർ അശ്വിനെ പ്രകീർത്തിച്ച് എക്‌സിൽ ഇട്ട കുറിപ്പ്.
.@ashwinravi99 🐐🤍 pic.twitter.com/z4VlTpVf4M
— Washington Sundar (@Sundarwashi5) December 18, 2024
ഒരു ടീമംഗമെന്നതിനേക്കാൾ സ്പിൻ ബൗൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ പ്രചോദനമായിരുന്നു അശ്വിനെന്ന് പറയുന്ന സുന്ദർ ഒരേ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന താരങ്ങളെന്ന നിലയിൽ ചെപ്പോക്കിൽ ഒരുമിച്ചും എതിരായും കളിച്ചത് കരിയറിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നും അഭിപ്രായപ്പെട്ടു,'താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കടം കൊണ്ടിട്ടുണ്ട്, എന്റെ കരിയറിൽ എന്റെ സമ്പത്തായി അത് നിലനിൽക്കും', സുന്ദർ പറഞ്ഞു.
സുന്ദറിന് മറുപടിയുമായി അശ്വിനും എക്‌സിൽ രംഗത്തെത്തി. വിജയ് സിനിമയായ 'ഗോട്ടിലെ' ഡയലോഗ് ചേർത്തായിരുന്നു സുന്ദറിന് അശ്വിൻ വക സന്ദേശം കൈമാറിയത്. 'തുപ്പാക്കി പുടിങ്കാ വാഷി' എന്ന വിജയ് കഥാപാത്രത്തിന്റെ ഡയലോഗ് ഓർമിപ്പിച്ച അശ്വിൻ ഒരു തലമുറ മാറ്റത്തിന്റെ സന്ദേശം കൂടിയാണ് കൈമാറിയത്. ഗോട്ടിലെ വിജയ് കഥാപ്രത്രം ശിവകാർത്തികേയൻ കഥാപാത്രത്തിന് ക്ലൈമാക്സിനൊടുവിൽ തോക്ക് നൽകുന്നത് വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തിൽ ഒഴിഞ്ഞ തമിഴ് സിനിമയിലെ ഗോട്ട് കസേര ശിവകാർത്തികേയന് നൽകുന്നതായാണ് സിനിമാ ലോകം വിലയിരുത്തിയിരുന്നത്. നിലവിൽ വിജയ് യുടെ പിൻഗാമിയായി തമിഴ് സിനിമയിൽ സിനിമാ പ്രേമികൾ കാണുന്നതും ശിവകാർത്തികേയനെയാണ്. അശ്വിന്റെ ഈ ഡയലോഗ് ഡെലിവറിയും ഈ കൈമാറ്റമാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
Content Highlights: Ashwin handed over the spin baton to Washington Sundar in GOAT style