വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും പകരുന്നതായി ക്രിക്കറ്റ് താരം ആർ അശ്വിൻ. ‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ട്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. കഴിഞ്ഞ രണ്ട് വർഷമായി എന്റെ മാനസികാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്, അതിന് മുമ്പ് ഉറങ്ങാൻ കിടക്കുമ്പോൾ വരെ വിക്കറ്റെടുക്കുന്നതായിരുന്നു മനസ്സിൽ കണ്ടിരുന്നത്, ഇപ്പോൾ അതില്ലാത്തത് കൊണ്ട് തന്നെ മാറി നിൽക്കാൻ സമയമായെന്ന് തോന്നിയെന്നും' അശ്വിൻ പറഞ്ഞു.
അതേ സമയം ഇന്ത്യൻ ക്യാപ്റ്റനാവാൻ കഴിയാത്തതിൽ ഒരു വിഷമവും പരാതിയുമില്ലെന്നും എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിലും വളരെ ആസ്വദിച്ചും സ്വാതന്ത്രവുമായാണ് കളിച്ചത് എന്നും അശ്വിൻ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച് കളിക്കാനാവുമെന്ന് കരുതുന്നു, എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒരു ഇടമാണ് ചെന്നൈ, ഇന്ത്യൻ ടീമിലേക്കുള്ള വളർച്ചയും ഇവിടെ നിന്നായിരുന്നു, അശ്വിൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അശ്വിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ് ഒരുക്കിയിരുന്നു. അശ്വിനെ പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞുമാണ് വീട്ടിലേക്ക് സ്വീകരിച്ചത്. നേരത്തെ ടീമിലെ അവഗണന മൂലമാണ് അശ്വിൻ വിരമിച്ചത് എന്ന പ്രസ്താവനയുമായി അശ്വിന്റെ പിതാവ് രവിചന്ദ്രൻ രംഗത്തെത്തിയിരുന്നു. എന്നാൽ അച്ഛൻ മാധ്യമങ്ങളോട് വലിയ രീതിയിൽ സംസാരിക്കാത്ത ഒരാളാണെന്നും അദ്ദേഹത്തിന് തെറ്റ് പറ്റിയതാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞ് അശ്വിൻ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.
Content Highlights: There is no sense of loss or complaint about not being captain; Ashwin says thanks to everyone