ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാലാം ടെസ്റ്റ് തുടങ്ങാൻ ആറ് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം. ഇതിന് മുമ്പുള്ള മൂന്ന് ടെസ്റ്റിനും ഒരു ദിവസം നേരത്തെ മുന്നേ തന്നെ ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ടോസിന് തൊട്ടുമുമ്പ് മാത്രമാണ് ഇന്ത്യ ഓരോ ടെസ്റ്റിനുമുള്ള ടീമിനെ പ്രഖ്യാപിക്കാറുള്ളത്.
ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല. ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റാസ് ആണ് മക്സ്വീനിക്ക് പകരം ഓപ്പണറായി ടീമിലെത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച മക്സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് നേടാനായത്. ബ്രിസ്ബേന്‍ ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലില്ല. നേരത്തെ പെർത്തിൽ പരിക്കേറ്റ് താരം അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്നും മാറി നിന്നിരുന്നു.
പകരം മെല്‍ബണിലും സിഡ്നിയിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഹേസല്‍വുഡിന്‍റെ അഭാവത്തില്‍ അവസാന രണ്ട് ടെസ്റ്റിലും പേസര്‍ സ്കോട് ബോളണ്ട് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡലെയ്‌ഡിൽ ഹേസൽവുഡിന് പകരമിറങ്ങിയിരുന്ന ബോളണ്ട് അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു.
ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതിരുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.26ന് മെല്‍ബണിലാണ് ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.
Content Highlights: australia announces squad for the final 2 test matches vs india in border gavaskar trophy