ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓൾ റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്. അപ്രതീക്ഷിതമായി വെറ്ററൻ താരത്തിൽ നിന്നുണ്ടായ വിരമിക്കൽ പ്രഖ്യാപനം വലിയ തുടർ ചർച്ചകൾ ഉണ്ടാക്കി. അതിനിടെ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് അശ്വിൻ തന്നെ എക്‌സിൽ ഇട്ട ഒരു പോസ്റ്റ്. വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം നന്ദിയും ആശംസയും അറിയിച്ച് ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും കപിൽ ദേവുമൊക്കെ തന്നെ വിളിച്ചതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു പോസ്റ്റ്.
എന്റെ കയ്യിൽ ഒരു സ്മാർട്ട് ഫോൺ ഉണ്ടാകുമെന്നും ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ എൻ്റെ കരിയറിൻ്റെ അവസാന ദിവസത്തെ കോൾ ലോഗ് ഇങ്ങനെയായിരിക്കുമെന്നും 25 വർഷം മുമ്പ് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമെന്നായിരുന്നു അശ്വിൻ കുറിച്ചത്, അത്യന്തം സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി കളിക്കുന്നതിലൂടെ തന്റെ അടയാളപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അശ്വിൻ പറഞ്ഞു.
If some one told me 25 years ago that I would have a smart phone with me and the call log on the last day of my career as an Indian cricketer would look like this☺️☺️, I would have had a heart attack then only. Thanks @sachin_rt and @therealkapildev paaji🙏🙏 #blessed pic.twitter.com/RkgMUWzhtt
— Ashwin 🇮🇳 (@ashwinravi99) December 20, 2024
അതേ സമയം ഓസ്ട്രേലിയയിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അശ്വിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ് ഒരുക്കിയിരുന്നു. അശ്വിനെ പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞുമാണ് വീട്ടിലേക്ക് സ്വീകരിച്ചത്. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ്. ഇന്ത്യൻ താരങ്ങളിൽ 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെക്ക് പിന്നിൽ രണ്ടാമൻ. 132 ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസുമെടുത്തിട്ടിട്ടുണ്ട്. 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 707 റൺസും നേടി. 65 ടി 20 മത്സരങ്ങളിൽ നിന്ന് 184 റൺസും 75 വിക്കറ്റുകളും നേടി.
Content Highlights: Ravichandran Ashwin shared a screenshot of call log, of Sachin Tendulkar and Kapil Dev calling him