ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അശ്വിന്‍ ക്രിക്കറ്റ് മതിയാക്കിയതായി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് അവസാനിപ്പിച്ച അശ്വിനായി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാര്യ പൃഥി നാരായണന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
അശ്വിന്റെ കരിയറിനൊപ്പമുള്ള എല്ലാ നിമിഷങ്ങളും അടങ്ങുന്ന വലിയ കുറിപ്പാണ് പൃഥി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അശ്വിനൊപ്പമുള്ള നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കിയ ഒരു വീഡിയോയും പൃഥി പങ്കുവെച്ചു. 14 വര്‍ഷങ്ങള്‍ക്കിടയില്‍ അശ്വിന്റെ കരിയറിലെ വിജയപരാജയങ്ങളും ഉയര്‍ച്ച താഴ്ചകളുമെല്ലാം പൃഥി പങ്കുവെച്ചു.
ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ രണ്ട് ദിവസമായി എന്നെ സംബന്ധിച്ചിടത്തോളം അവ്യക്തതയായിരുന്നു അനുഭവപ്പെട്ടത്. എനിക്ക് എന്ത് പറയാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനോടുള്ള ആദരവായി ഞാന്‍ ഈ കുറിപ്പ് പങ്കുവെക്കണോ? ഒരുപക്ഷേ ഇത് ഒരു പങ്കാളിയെന്ന നിലയിലുള്ള ആംഗിളില്‍ ആകുമോ? അതോ ഒരു ആരാധികയായ പെണ്‍കുട്ടിയുടെ പ്രണയലേഖനമാകുമോ? ഇതെല്ലാം കൂടിച്ചേര്‍ന്നതായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
അശ്വിനെ കണ്ടപ്പോള്‍ ചെറുതും വലുതുമായ നിമിഷങ്ങളാണ് മനസ്സില്‍ വന്നത്. കഴിഞ്ഞ 13-14 വര്‍ഷങ്ങളിലെ ഒരുപാട് ഓര്‍മ്മകള്‍. വലിയ വിജയങ്ങള്‍, മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡുകള്‍, തീവ്രമായ ഗെയിമിന് ശേഷം ഞങ്ങളുടെ മുറിയില്‍ ഉണ്ടാവാറുള്ള നിശബ്ദത, മത്സരത്തിന് ശേഷമുള്ള ചില വൈകുന്നേരങ്ങളില്‍ പതിവിലും കൂടുതല്‍ നേരമുണ്ടാകാറുള്ള ഷവറിന്റെ ശബ്ദം, അവന്റെ ചിന്തകള്‍ കുത്തിക്കുറിക്കുന്നത്, അവന്‍ സ്ഥിരം ഗെയിം പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഫൂട്ടേജ് വീഡിയോകളുടെ സ്ട്രീമിംഗ്, ഓരോ ഗെയിമിനും പുറപ്പെടുന്നതിന് മുമ്പുള്ള ശാന്തത, വിശ്രമിക്കുന്ന സമയം, ആവര്‍ത്തിക്കുന്ന ചില പാട്ടുകള്‍..
സന്തോഷം കൊണ്ട് നമ്മള്‍ കരയുന്ന നിമിഷങ്ങള്‍.. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം, എംസിജി വിജയത്തിന് ശേഷം, സിഡ്നി സമനിലയ്ക്ക് ശേഷം, ഗാബ വിജയം, ടി20 ക്രിക്കറ്റില്‍ ഒരു തിരിച്ചുവരവ് നടത്തിയതിന് ശേഷം ഞങ്ങള്‍ നിശബ്ദരായി ഇരുന്ന സമയങ്ങള്‍, ഞങ്ങളുടെ ഹൃദയം തകര്‍ന്ന സമയങ്ങള്‍.
പ്രിയപ്പെട്ട അശ്വിന്‍, ഒരു കിറ്റ് ബാഗ് എങ്ങനെ ഒരുമിച്ച് ചേര്‍ക്കണമെന്ന് അറിയാത്തതുമുതല്‍ ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളില്‍ നിങ്ങളെ പിന്തുടരുന്നത് വരെ, നിങ്ങള്‍ക്ക് വേണ്ടി നിലനിന്നതും നിങ്ങളെ കാണുന്നതും നിങ്ങളില്‍ നിന്ന് പഠിക്കുന്നതുമെല്ലാം തികച്ചും സന്തോഷകരമായ കാര്യമായിരുന്നു. നിങ്ങള്‍ എനിക്ക് ഒരു ലോകം പരിചയപ്പെടുത്തി തന്നു. അവിടെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കായിക വിനോദം അടുത്ത് നിന്ന് കാണാനും ആസ്വദിക്കാനുമുള്ള പ്രിവിലേജ് എനിക്ക് നല്‍കി. എത്രമാത്രം അഭിനിവേശവും കഠിനാധ്വാനവും അച്ചടക്കവും ആവശ്യമാണെന്ന് ഇത് എനിക്ക് കാണിച്ചുതന്നു.
ക്രിക്കറ്റില്‍ തുടരുന്നതിന് വേണ്ടി ആര്‍ അശ്വിന്‍ എന്തിനാണ് ഇതെല്ലാം ചെയ്യേണ്ടതെന്നും ഇനിയും എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും നമ്മള്‍ സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ കഴിവുകള്‍ നിരന്തരം മൂര്‍ച്ച കൂട്ടിയില്ലെങ്കില്‍ അവാര്‍ഡുകളും അംഗീകാരങ്ങളും റെക്കോര്‍ഡുകള്‍ എന്നിവയെല്ലാം കൊണ്ടും ഒരു കാര്യവുമില്ല. ചിലപ്പോള്‍ ഇതൊന്നും മതിയാവില്ല. നിങ്ങളുടെ അത്ഭുതകരമായ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് എല്ലാം നല്ലതാണ്. എല്ലാം നല്ലതിനായിരിക്കും.
നിങ്ങളായിരിക്കുക എന്നതിന്റെ ഭാരം ഇറക്കി വെയ്‌ക്കേണ്ട സമയമാണിത്. ഇനി നിങ്ങളുടെ നിബന്ധനകള്‍ക്ക് അനുസൃതമായി ജീവിക്കുക. അധിക കലോറികള്‍ക്കായി ഇടം കണ്ടെത്തുക. നിങ്ങളുടെ കുടുംബത്തിനായി സമയം കണ്ടെത്തുക. വെറുതെ ഇരിക്കാനും സമയം കണ്ടെത്തുക. ദിവസം മുഴുവന്‍ മീമുകള്‍ ഷെയര്‍ ചെയ്യുക. ഒരു പുതിയ ബൗളിംഗ് വ്യതിയാനം സൃഷ്ടിക്കുക..
Content Highlights: R Ashwin’s wife Prithi Narayanan pens down a heartfelt note