ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയേക്കാള്‍ മികച്ച ബൗളര്‍ ആയി പാകിസ്താന്‍ ഇതിഹാസമായ വസീം അക്രത്തിനെ തിരഞ്ഞെടുത്ത് മുന്‍ പാക് ബാറ്റര്‍ അഹമ്മദ് ഷഹ്‌സാദ്. പ്രശസ്ത ആങ്കര്‍ നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു ഷഹ്‌സാദിന്റെ പ്രതികരണം. ഷോയിലെ ദിസ് ആന്‍ഡ് ദാറ്റ് ഗെയിമില്‍ ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ ഓപ്ഷനായി നല്‍കിയ ശേഷം അവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാന്‍ ഷഹ്‌സാദിനോട് ആവശ്യപ്പെടുകയായിരുന്നു.
പാക് ഇതിഹാസം വസീം അക്രവും ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തുമായിരുന്നു ആദ്യ ഓപ്ഷന്‍സ്. ഇതിന് വസീം അക്രമെന്നായിരുന്നു ഷഹ്‌സാദിന്റെ മറുപടി.
അക്രം, വഖാര്‍ യൂനിസ് ഇവരില്‍ ആരാണ് കേമനെന്നായിരുന്നു തുടര്‍ന്നുള്ള ചോദ്യം. വീണ്ടും അക്രം എന്നു തന്നെയായിരുന്നു ഷഹ്സാദിന്റെ ഉത്തരം. അടുത്തത് അക്രം, ഷെയ്ന്‍ വോണ്‍ ഇവരായിരുന്നു. എന്നാല്‍ അവിടെയും അക്രം എന്ന് തന്നെ ആയിരുന്നു ഉത്തരം.
തുടര്‍ന്ന് ജസ്പ്രീത് ബുംമ്ര, അക്രം എന്നിവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ അവിടെയും ബുംമ്രയെ പിന്തള്ളി അക്രത്തെയാണ് ഷഹ്‌സാദ് തിരഞ്ഞെടുത്തത്. 'ബുംമ്ര ലോകോത്തര ബൗളര്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യയെ ഒരുപാട് വലിയ മത്സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള മികച്ച ബൗളറാണ് അദ്ദേഹം. എന്നാല്‍ മികച്ച ഫാസ്റ്റ് ബോളര്‍ അത് അക്രം തന്നെയാണ്', അഹമ്മദ് ഷഹ്സാദ് പറഞ്ഞു.
Content Highlights: Wasim Akram better than Jasprit Bumrah, Pakistan batter reveals his choices