ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിന് ടീമുകൾക്ക് അനുവദിച്ച പിച്ചുകളിൽ വിവാദം. ഇന്ത്യയ്ക്ക് അനുവദിച്ച പിച്ച് പഴയതും ബൗൺസില്ലാത്തതുമാണ് നൽകിയത് എന്നുമാണ് പരാതി. അതേ സമയം ഓസീസ് താരങ്ങൾക്ക് ബൗൺസ് കൃത്യാമായുള്ള പുതിയ പിച്ച് നൽകിയെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ പേസർ ആകാശ് ദീപ് രംഗത്തെത്തുകയും ചെയ്തു. വൈറ്റ് ബോൾ ക്രിക്കറ്റിന് വേണ്ടി മാത്രം തയ്യാറാക്കിയ പിച്ചാണ് ഇതെന്ന് തോന്നുന്നു, ബൗൺസും സ്വിങ്ങും തീരെ ലഭിക്കുന്നില്ല. പരിശീലനം ഇവിടെ കഠിനമാണ്. എന്നാൽ നിലവിൽ ഇത് ചർച്ചയാക്കുന്നില്ലെന്നും മത്സരത്തിൽ മാത്രമാണ് ശ്രദ്ധയെന്നും ആകാശ് ദീപ് പറഞ്ഞു.
ഇതേ പിച്ചിൽ നിന്നാണ് കഴിഞ്ഞ ദിവസം രോഹിത് ശർമയ്ക്ക് പരിക്കേറ്റത്. എന്നാൽ രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും താരം നാലാം ടെസ്റ്റിൽ കളിക്കുമെന്നും ഇന്ത്യൻ ടീം വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അതേ സമയം പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്. ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നേരിട്ട് യോഗ്യത നേടണമെങ്കിൽ ഇനിയുള്ള രണ്ടു ടെസ്റ്റിലും ജയിക്കണം.
Content Highligths: boxing day test ;practice pitches controversy between india australia