ചെറിയ കാര്യങ്ങൾ മഹത്തരമായി ചെയ്യുന്നതിലെ മിടുക്കാണ് എംഎസ് ധോണിയെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാക്കി മാറ്റിയതെന്ന് അടുത്തിടെ വിരമിച്ച ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ധോണി ബൗളറെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുമെന്നും എന്നാൽ ചില തെറ്റുകൾ ക്ഷമിക്കുകയില്ലെന്നും അശ്വിൻ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടിയും ഫ്രാഞ്ചൈസി തലത്തിലും ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ, ധോണിയെ പോലെ ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്ന നായകന്മാർ കുറവാണെന്നും അഭിപ്രായപ്പെട്ടു. 'ഉത്തരം നൽകാൻ വളരെ ലളിതമായ ഒരു ചോദ്യമാണ്, പലരും അത്യാവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ധോണി അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു , ഒരു ബൗളറെ പന്തെറിയാൻ വിളിച്ചാൽ ആ ബൗളറോട് തന്നെ പ്രാഥമികയായി ഫീൽഡ് സെറ്റ് ചെയ്യാൻ പറയുന്നു. നന്നായി പന്തെറിഞ്ഞാൽ അടി കിട്ടിയാലും ക്യാപ്റ്റൻ പിന്തുണയ്ക്കും, എന്നാൽ മോശം ബൗളുകൾ ഒരുപാട് തവണ ഒരുമിച്ച് ആവർത്തിച്ചാൽ ധോണി ക്ഷമിക്കില്ല, അശ്വിൻ കൂട്ടിച്ചേർത്തു.
ബ്രിസ്‌ബേനിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ശേഷമാണ് 38-കാരൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് തമിഴ്‌നാട് സ്പിന്നർ ആദ്യം ശ്രദ്ധ നേടിയത്. ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ് വിക്കറ്റ് ടേക്കർ ആയും മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ബൗളറായും അശ്വിൻ മാറി.
Content Highligths: Aswin on dhoni captiancy magic