ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റർ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെന്ന് മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ. തൻ്റെ കരിയറിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ താരം കോഹ്‌ലിയാണെന്നും കോഹ്‌ലിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് താനെന്നും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആമിർ പറഞ്ഞു. ബാബർ അസം , സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നത് തമാശയാണെന്നും ഈ മൂന്ന് പേരുടെയും പെർഫോമൻസുകൾ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ കണക്കുകളുടെ അടുത്ത് പോലും വരില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.
വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹത്തെ ബാബർ അസം, സ്റ്റീവ് സ്മിത്ത്, അല്ലെങ്കിൽ ജോ റൂട്ട് എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ചിരിക്കും. വിരാട് കോഹ്‌ലിയെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല, കാരണം വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി നിരവധി മത്സരങ്ങൾ ഒറ്റയ്ക്ക് നേടിയിട്ടുണ്ട്, അത് അസാധ്യമാണെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ഫോർമാറ്റിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലും വിരാട് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്, ക്രിക്കറ്റ് ഷോയിൽ ആമിർ പറഞ്ഞു.'വിരാട് കോഹ്‌ലിയുടെ കളിയോടുള്ള സമീപനവും കഠിനാധ്വാനവും സമ്മതിച്ചു കൊടുക്കേണ്ടതാണ്. 2014 ലെ ഇംഗ്ലണ്ടിലെ മോശം ഘട്ടത്തിന് ശേഷം, വമ്പൻ തിരിച്ചുവരവ് നടത്തിയതും അടുത്ത പത്ത് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചതും ചെറിയ കാര്യമല്ലെന്നും വിരാട് പറഞ്ഞു.
ഈ മാസമാദ്യമാണ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 36 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും 32 ടി 20 കളിലും പാകിസ്താനെ പ്രതിനിധീകരിച്ച അദ്ദേഹം 2009 T20 ലോകകപ്പ്, 2017 ചാമ്പ്യൻസ് ട്രോഫി വിജയികളായ ടീമുകളുടെ ഭാഗമായിരുന്നു. മൂന്ന് ഫോർമാറ്റുകളിൽ കൂടി 271 വിക്കറ്റുകളും പാകിസ്താന് വേണ്ടി നേടി.
Content Highligths:Virat Kohli is the best; Babar Azam Comparisons Laughed Off me; ex pakistan cricketer mohammad amir