ചാമ്പ്യൻസ് ട്രോഫിക്ക് ഇനി മാസങ്ങള്‍ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യ ഇത് വരെ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ടീമിലേക്കുള്ള പ്രധാന വഴിയായി വിജയ് ഹസാരെ ട്രോഫിയെയാണ് താരങ്ങൾ കാണുന്നത്. നിലവിൽ ഇന്ത്യൻ ടീമിലില്ലാത്ത പല താരങ്ങളും വിജയ് ഹസാരെയിൽ മിന്നും പ്രകടനം നടത്തി ടീമിൽ ഇതിനകം തന്നെ അവകാശ വാദം ഉയർത്തി കഴിഞ്ഞു. മുമ്പ് രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ആഭ്യന്തര ടൂർണമെന്റുകളിൽ കാണിച്ച മികവ് വിജയ് ഹസാരെയിലും തുടർന്നാൽ ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
കഴിഞ്ഞ ദിവസം വിജയ് ഹസാരെയിൽ ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്നലെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനും ബാറ്റിങില്‍ തിളങ്ങി. ഇതിൽ തുടർച്ചയായ മത്സരങ്ങളിൽ മികവ് കളിക്കുന്ന താരമായത് ഇഷൻ കിഷനാണ്. നേരത്തെ ബിസിസിഐ പൂർണ്ണമായി തഴയുകയും മുഖ്യ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്യപ്പെട്ട താരം ഈ വർഷം കളിച്ച അഞ്ച് ആഭ്യന്തര ടൂർണമെന്റുകളിൽ നാലിലും സെഞ്ച്വറി നേടി.
ഇന്നലെ മണിപ്പൂരുമായുള്ള വിജയ് ഹസാരെ ട്രോഫിയിൽ ജാര്‍ഖണ്ഡിന് വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ താരം ഒടുവിൽ സെഞ്ച്വറി നേടിയത്. 78 പന്തിൽ 16 ഫോറുകളും ആറു സിക്‌സറുമടക്കാം 134 റണ്‍സാണ് താരം നേടിയത്. ഇഷന്റെ മികവിൽ മണിപ്പൂർ ഉയർത്തിയ 254 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 28.3 ഓവറില്‍ ജാര്‍ഖണ്ഡ് ടീം മറികടക്കുകയും ചെയ്തു. ബുച്ചി ബാബു ടൂര്‍ണമെന്റിലാണ് ഇഷന്‍ ഈ വർഷം തന്റെ ആദ്യത്തെ ആഭ്യന്തര ടൂർണമെന്റ് കളിക്കുന്നത്. ഇതില്‍ താരം സെഞ്ച്വറിയോടെ തകർത്താടി. ശേഷം ദുലീപ് ട്രോഫിയിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. ഇപ്പോഴിതാ വിജയ് ഹസാരെയിലും താരം സെഞ്ച്വറി നേടി സഞ്ജു അടക്കമുള്ള താരങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിരിക്കുയാണ്.
Content Highligths: ishan kishan outsanding perfomance in domestic cricket tournments in 2024