പരിചയ സമ്പന്നരായ അക്‌സറിനെയും കുൽദീപിനെയും തഴഞ്ഞ് പുതുമുഖ താരമായ തനുഷിന് അവസരം; കാരണം പറഞ്ഞ് രോഹിത്ത്

വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടി മുംബൈ ടീം ക്യാമ്പിലുള്ള താരം ഇന്ന് മെൽബണിലേക്ക് പുറപ്പെടും

dot image

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് അപ്രതീക്ഷിതമായിട്ടാണ് പുതുമുഖ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാന് വിളിയെത്തിയത്. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിനു ശേഷം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച വെറ്ററന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനു പകരമായാണ് ബിസിസിഐ കോട്ടിയാനെ ടീമിൽ ഉൾപ്പെടുത്തിരിക്കുന്നത്.

പരിചയ സമ്പന്നരായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്സർ പട്ടേല്‍, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരെ തഴഞ്ഞാണ് തനുഷിനെ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിച്ചിരിക്കുന്നത്. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ.

ഒരു മാസം മുമ്പ് തനുഷ് കോട്ടിയാന്‍ ഓസ്‌ട്രേലിയയിൽ തന്നെയുണ്ടായിരുന്നുവെന്നും ഇതാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് പ്രഥമ പരിഗണന നല്‍കിയതെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. അതേ സമയം ഹെർണിയ അസുഖത്തിന് ചികിത്സ തേടി വിശ്രമത്തിലുള്ള കുൽദീപ് യാദവ് പൂർണ്ണമായി ഫിറ്റല്ലെന്നും താരത്തിന് ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ വിസപരമായ പ്രശ്നങ്ങളുടെന്നും രോഹിത് പറഞ്ഞു. അക്ഷറിന് അടുത്തിടെ ഒരു കുഞ്ഞുണ്ടായതിനാല്‍ കുടുംബത്തോടൊപ്പമാണ്, താരത്തിന് വ്യക്തിപരമായ ഇടവേള നൽകിയിരിക്കുകയാണെന്നും രോഹിത് ശർമ പറഞ്ഞു.

ഓഫ് സ്പിന്നറായ തനുഷ്, അശ്വിനെപ്പോലെ തന്നെ ഓൾ റൗണ്ടർ താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകളും രണ്ടു സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും 26 വയസ്സുകാരനായ താരം ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്കു വേണ്ടി 10 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 33 ഫാസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 41.21 ശരാശരിയിൽ 2523 റൺസ് നേടി. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടി മുംബൈ ടീം ക്യാമ്പിലുള്ള താരം ഇന്ന് മെൽബണിലേക്ക് പുറപ്പെടും.

Content Highligths:rohit sharma explains tanush kotian first call if there is players like axar patel and kuldeep yadav

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us