ബോർഡർ ഗാവസ്കർ ട്രോഫിയിലെ മൂന്ന് ടെസ്റ്റുകൾക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായതോടെ നാളെ ആരംഭിക്കുന്ന മെൽബൺ ടെസ്റ്റ് ഇന്ത്യയ്ക്കും ഓസീസിനും നിർണ്ണായകമായിരിക്കുകയാണ്. ഈ അവസരത്തിൽ ബാറ്റർമാർ അതീവ മനസ്സാന്നിധ്യം പുറത്തെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഓർമപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ കോച്ച് ലാൽചന്ദ് രജ്പുത്.
കളി ജയിക്കാൻ ശക്തമായ ഒന്നാം ഇന്നിങ്‌സ് സ്കോർ ആവശ്യമാണ്, മികച്ച ഒന്നാം ഇന്നിങ്‌സ് സ്കോർ ഇല്ലാഞ്ഞിട്ടും പെർത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നത് ശരി തന്നെയാണ്, എന്നാൽ അത് അപൂർവമാണ്, ആദ്യ മൂന്നിലോ നാലിലോ നിൽക്കുന്ന പ്രധാന ബാറ്റർമാരെങ്കിലും ഒരാൾ സെഞ്ച്വറി നേടണം, അല്ലെങ്കിൽ ഈ നാല് ബാറ്റർമാരും അർധ സെഞ്ച്വറിക്ക് മുകളിലുള്ള പ്രകടനം കാഴ്ച വെക്കണം, നിലവിൽ യുഎഇ ദേശീയ ടീമിന്റെ പരിശീലകനായ രജ്പുത് പറഞ്ഞു.
അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കൽ, രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 യിൽ നിന്ന് നേരത്തെയുള്ള വിടവാങ്ങൽ എന്നിവയെക്കുറിച്ച് സംസാരിച്ച രജ്പുത്, ഇത് ഇന്ത്യൻ ടീമിൻ്റെ സ്വാഭാവിക പരിവർത്തനത്തിൻ്റെ തുടക്കമാണെന്ന് അഭിപ്രായപ്പെട്ടു. എപ്പോഴും ഒരു പരിവർത്തന കാലഘട്ടം ഉണ്ടാകും. എല്ലാ വലിയ ടീമുകളും അതിലൂടെ കടന്നുപോകുന്നു. ചില കളിക്കാർ ഒരേ സമയം വിരമിക്കും, കൂടാതെ പുതിയ കളിക്കാർ വരും, ഇന്ത്യ അതിജീവനത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, രജ്പുത് കൂട്ടിച്ചേർത്തു.
അതേ സമയം ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: 'First innings score is very important': Former India coach