ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം നാളെ ഇറങ്ങുമ്പോൾ ഒരു സുപ്രധാന നേട്ടത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് സ്റ്റാർ ഓപ്പണർ കെ എൽ രാഹുൽ. ബോക്‌സിങ് ഡേ ടെസ്റ്റുകളിലെ പ്രകടനത്തിന് പേരുകേട്ട രാഹുൽ ഒരു ഇന്ത്യൻ ബാറ്റർക്കും നേടാനാകാത്ത അപൂർവ നേട്ടത്തിൻ്റെ നെറുകയിലാണ് എത്തി നിൽക്കുന്നത്. ഓസീസിനെതിരെ നടക്കുന്ന മെൽബണിലെ ടെസ്റ്റിലെ ഏതെങ്കിലും ഇന്നിങ്‌സുകളിൽ സെഞ്ച്വറി നേടാനായാൽ തുടർച്ചയായ മൂന്ന് ബോക്സിങ് ഡേ ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ രാഹുലിന് കഴിയും.
ഇതിന് മുമ്പ് ക്രിസ്മസ് പിറ്റേന്ന് നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ നിന്ന് 2021 ലും 2023 ലും താരം സെഞ്ച്വറി നേടിയിരുന്നു. 2021 ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം 123 റൺസ് അടിച്ചെടുത്തപ്പോൾ 2023 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 101 റൺസിന്റെ മറ്റൊരു സെഞ്ച്വറി നേട്ടം കൂടി നേടി.
മെൽബണിൽ ഒരു സെഞ്ചുറി കൂടി നേടാനായാൽ ബോക്‌സിങ് ഡേ ടെസ്റ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് രാഹുലിന് സ്വന്തമാകും. , സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങൾ ഇതിന് മുമ്പ് തുടർച്ചയായി മൂന്ന് ബോക്സിങ് ഡേ ടെസ്റ്റ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലും ഇന്ത്യയുടെ റൺസ് വേട്ടക്കാരിൽ മുന്നിലാണ് രാഹുൽ. ആറ് ഇന്നിങ്‌സുകളിൽ നിന്നായി 47 റൺസ് ശരാശരിയിൽ 235 റൺസാണ് ഈ 32 കാരൻ നടത്തിയത്.
അതേ സമയം ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: KL Rahul is aiming for 'Boxing Day Test' hat-trick on melbourne stadium; india vs australia test