നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. നാലാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ തന്നെ ഇന്ത്യയുടെ ഓപണറായി എത്തുമെന്നാണ് സൂചനകൾ. യശസ്വി ജയ്സ്വാളിനൊപ്പം അന്തിമ നിമിഷത്തെ മാറ്റങ്ങളൊന്നുമില്ലെങ്കിൽ രോഹിത് തന്നെ ആദ്യപന്ത് നേരിടാൻ ക്രീസിലെത്തും.
പെർത്തിലെ ആദ്യ ടെസ്റ്റിൽ നിന്ന് മാറിനിന്നതിനു ശേഷം രണ്ടാം ടെസ്റ്റിൽ അഡലെയ്ഡിൽ ആറാമനായാണ് രോഹിത് ക്രീസിലെത്തിയിരുന്നത്. കെ എൽ രാഹുൽ ആദ്യടെസ്റ്റിൽ തിളങ്ങിയതായിരുന്നു അതിന് കാരണം. മൂന്നാം ടെസ്റ്റിലും രോഹിത് ആറാമനായി തന്നെ ക്രീസിലെത്തിയെങ്കിലും ഫോമിലെത്താൻ കഴിഞ്ഞിരുന്നില്ല. രോഹിത് ഓപണറായി എത്തിയാൽ രാഹുൽ ഒരു പൊസിഷൻ താഴേക്കിറങ്ങി മൂന്നാമനായി ക്രീസിലെത്തും. ഈ സമയം കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയുടെ നമ്പർ 3 ബാറ്ററായ ഗില്ലിന്റെ പൊസിഷന്റെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഗിൽ നാലമനാവുമോ അതോ ആറാമനാവുമോ എന്ന് കണ്ടറിയണം.
ഇന്ത്യ നാലാം ടെസ്റ്റിൽ രണ്ട് സ്പിന്നർമാരെ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വാഷിങ്ടൺ സുന്ദർ കളത്തിലിറങ്ങും. സുന്ദർ വരികയാണെങ്കിൽ നിതീഷ് റെഡ്ഡിയെ ഇന്ത്യ പുറത്തിരുത്തുമോ എന്നും കണ്ടറിയണം.
ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ, കോഹ്ലി എന്നിവർ സെഞ്ച്വറി അടിച്ചിരുന്നു. പിന്നീട് ഇവരൊക്കെയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച് നിന്നത്. ജയ്സ്വാൾ 193 റൺസും കോഹ്ലി 126 റൺസും ഈ സീരീസിൽ നേടിയപ്പോൾ രോഹിത്തിന് ആകെ നേടാനായത് 19 റൺസ് മാത്രമാണ്. ഗില്ലാവട്ടെ, 60 റൺസ് മാത്രമാണ് ഇതുവരെയും നേടിയിട്ടുള്ളത്.
Content Highlights: Rohit Sharma will open in fourth test