ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പാകിസ്താൻ താരം ബാബർ അസം. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും 4,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമായി ബാബർ അസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ബാബറിന്റെ നേട്ടം. ടെസ്റ്റിൽ 4,001 റൺസും ഏകദിനത്തിൽ 5,957 റൺസും ട്വന്റി 20യിൽ 4,223 റൺസുമായി ബാബറിന്റെ സമ്പാദ്യം. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചിട്ടുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലി 9,166 റൺസും ഏകദിനത്തിൽ 13,906 റൺസും ട്വന്റി 20യിൽ 4,188 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 4,289 റൺസും ഏകദിനത്തിൽ 10,866 റൺസും ട്വന്റി 20യിൽ 4,231 റൺസുമാണ് രോഹിത് ശർമയുടെ നേട്ടം.
അതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താൻ ബാറ്റിങ് തകർച്ച നേരിടുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്താൻ രണ്ട് സെഷൻ പിന്നിടുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലയിലാണ്. കമ്രാൻ ഗുലാം 54, ആമിർ ജമാൽ 28, മുഹമ്മദ് റിസ്വാൻ 27 എന്നിങ്ങനെയാണ് പാക് ടീമിലെ മുൻനിര സ്കോറുകൾ.
റെക്കോർഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ബാബർ അസം നാല് റൺസ് മാത്രമെടുത്ത് മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്ൻ പാറ്റേഴ്സൺ അഞ്ച് വിക്കറ്റും കോർബിൻ ബോഷ് നാല് വിക്കറ്റും സ്വന്തമാക്കി.
Content Highlights: Babar Azam makes history, becomes third player to score 4,000 runs in all form of Cricket