ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റ് കൂടുതൽ വീറും വാശിയിലേക്കും നീങ്ങുന്നു. ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിനെ ബുംമ്ര പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 69 ഓവറിൽ 245 റൺസ് നേടിയിട്ടുണ്ട്. ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് ഈ സ്കോർ നേടിയെടുത്തത്. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലാബുഷെയ്ൻ 72 റൺസ് നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 50 റൺസെടുത്ത് ക്രീസിലുണ്ട്. കോൺസ്റ്റാസിനെ ജഡേജ പുറത്താക്കിയപ്പോൾ ഉസ്മാൻ ഖവാജയെയും ഹെഡിനെയും മാർഷിനെയും ബുംമ്ര പുറത്താക്കി. ലബുഷെയ്നെ സുന്ദർ പുറത്താക്കി.
അതേ സമയം മത്സരത്തിനിടെ അരങ്ങേറ്റക്കാരനായ 19 കാരൻ കോൺസ്റ്റാസിനെ മൈതാനത്ത് വെച്ച് കോഹ്‌ലി ഷോൾഡർ കൊണ്ടിടിച്ചത് വിവാദമായി. കോഹ്‌ലിയുടെ സ്ലെഡ്ജിന് വിധേയമായ കോൺസ്റ്റാസ് ബാറ്റ് കൊണ്ടാണ് മറുപടി നൽകിയത്. ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകളാണ് താരം ഇന്ന് കണ്ടെത്തിയത്. രണ്ടും റിവേഴ്‌സ് സ്കൂപ്പിലൂടെയായിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര. ഇതിനിടയിൽ താരം നാലായിരത്തിന് മുകളിൽ പന്തുകളെറിയുകയും ചെയ്തു. ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി.
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിട്ടുണ്ട്. 19 കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റം കുറിച്ചപ്പോൾ പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.
Content Highlights: Bumrah bowled Head; India come back into the game