'തീർത്തും അനാവശ്യം, ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്തത്!'; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി

സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു

dot image

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടിയതില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കോച്ച് രവി ശാസ്ത്രി. മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ദിനം നടന്ന സംഭവത്തില്‍ കോഹ്ലിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് ശാസ്ത്രിയുടെയും വിമര്‍ശനം. തികച്ചും അനാവശ്യമായ പ്രവൃത്തിയാണ് കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ശാസ്ത്രി ചൂണ്ടിക്കാട്ടിയത്.

'ഇത് തീര്‍ത്തും അനാവശ്യമായ കാര്യമാണ്. നിങ്ങളെ ഒരിക്കലും ഇത്തരത്തില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. വിരാട് കോഹ്‌ലി ഒരു സീനിയര്‍ താരമാണ്. ക്യാപ്റ്റന്റെ സ്ഥാനം അലങ്കരിച്ചിട്ടുള്ളയാളുമാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിന് തന്റേതായിട്ടുള്ള വിശദീകരണമുണ്ടായിരിക്കാം. പക്ഷെ നിങ്ങള്‍ കാണാനാഗ്രഹിക്കാത്ത ഒരു കാര്യമാണിത്. ഇതെല്ലാം കാണുന്ന ഒരു വ്യക്തിയുണ്ട്. ഈ നടപടി ക്രമങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന ഒരാള്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റായിരിക്കും', ശാസ്ത്രി പറഞ്ഞു.

മെൽബൺ ടെസ്റ്റിന്റെ ഒന്നാംദിനം പത്താം ഓവറിലാണ് വിരാട് കോഹ്‌ലിയും സാം കോൺ‌സ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു. അനാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവരടക്കമുള്ള മുൻ‌ താരങ്ങൾ‌ രംഗത്തെത്തിയിരുന്നു.

Content Highlights: Ravi Shastri Very Unhappy With Virat Kohli Over Sam Konstas Clash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us