ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അവിശ്വസനീയ പ്രകടനം കാഴ്ച വെച്ച ഓസീസ് യുവ ഓപണര്‍ സാം കോണ്‍സ്റ്റാസിനെ പ്രശംസിച്ച് മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാംഗര്‍. മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ദിനം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ കോണ്‍സ്റ്റാസിന്റെ പ്രകടനം ഇന്ത്യയുടെ മുന്‍ ഓപണര്‍ വിരേന്ദര്‍ സെവാഗിനെ ഓര്‍മപ്പെടുത്തുന്നുവെന്നാണ് ലാംഗര്‍ പറയുന്നത്.
'വിസ്മയമെന്ന വാക്കുകൊണ്ടുമാത്രമാണ് കോണ്‍സ്റ്റാസിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. മത്സരത്തിന് മുന്‍പ് സാം കോണ്‍സ്റ്റാസ് വളരെ ആത്മവിശ്വാസത്തിലായിരുന്നു. അദ്ദേഹം ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു. അത് തന്റെ പ്രവൃത്തി കൊണ്ട് തെളിയിക്കാനും കോണ്‍സ്റ്റാസിന് സാധിച്ചു. അത് അവിശ്വസനീയമായി തോന്നി', ലാംഗര്‍ പറഞ്ഞു.
'2003ലെ വീരേന്ദര്‍ സേവാഗിനെയാണ് എനിക്ക് ഓര്‍മ വന്നത്. 2003ലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 233 പന്തില്‍ നിന്നും സെവാഗ് 195 റണ്‍സെടുത്തിരുന്നു. ഞങ്ങളെ തകര്‍ത്തുകളഞ്ഞ പ്രകടനമായിരുന്നു സെവാഗ് അന്ന് കാഴ്ച വെച്ചത്. അതേ ആത്മവിശ്വാസമാണ് യുവതാരത്തിലും കാണാനായത്', ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരമായ മെല്‍ബണ്‍ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഹീറോയായത് ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ ഓപണറായ 19കാരന്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു. ആദ്യ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയ 19 വയസ്സുകാരൻ 65 പന്തില്‍ 60 റൺസെടുത്താണ് പുറത്തായത്. രണ്ട് സിക്സുകളും ആറ് ബൗണ്ടറികളും ഉൾപ്പടെയാണ് കോൺസ്റ്റാസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
For the first time in a decade, Australia's top four have all passed fifty in an innings of a home Test 🙌
— cricket.com.au (@cricketcomau) December 26, 2024
Was it a result of trickle-down Konstanomics?
More: https://t.co/Wyj4CY12mw
#AUSvIND pic.twitter.com/YurBs5bB0u
ജസ്പ്രീത് ബുംമ്രയുൾപ്പടെയുള്ള ഇന്ത്യൻ ബൗളർമാർക്കെതിരെ അനായാസമായിരുന്നു താരത്തിന്റെ ബാറ്റിങ്. അവസാനം രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോൺസ്റ്റാസ് മടങ്ങിയത്. അതേസമയം ടെസ്റ്റിൽ മൂന്നു വർഷത്തിനിടെ ബുംമ്രയുടെ പന്തില്‍ സിക്സടിക്കുന്ന ആദ്യ താരമായി കോൺസ്റ്റാസ് മാറുകയും ചെയ്തു.
Content Highlights: 'Sam Konstas' knock reminded me of Virender Sehwag back in 2003' says Justin Langer