ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് തിരിച്ചടിയാകുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായാൽ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരത്തോടെ രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനായേക്കും. നിലവിൽ മെൽബണിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടർ അജിത്ത് അഗാർക്കർ രോഹിത് ശർമയുമായി സംസാരിക്കുമെന്നും പിടിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകളിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത രോഹിത് ശർമ മോശം പ്രകടനമാണ് നടത്തിയത്. ഇതോടെ പതിവ് ഓപണിങ് റോളിൽ രോഹിത് തിരിച്ചെത്തി. എന്നാൽ ഇതിനായി ശുഭ്മൻ ഗില്ലിനെ ഒഴിവാക്കുകയും ഓപണറായി മികച്ച പ്രകടനം നടത്തിയിരുന്ന കെ എൽ രാഹുലിനെ മൂന്നാം നമ്പറിൽ ഇറക്കുകയും ചെയ്തിരുന്നു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ മൂന്ന് റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാനായത്. പരമ്പരയിൽ ഇതുവരെ നേടാനായത് 22 റൺസ് മാത്രവും. കഴിഞ്ഞ എട്ട് ടെസ്റ്റുകളിൽ 11.07 ബാറ്റിങ് ശരാശരിയിൽ 155 റൺസാണ് രോഹിത് ശർമയുടെ ബാറ്റിൽ നിന്നും ആകെ പിറന്നത്. ഇന്ത്യൻ ക്യാപ്റ്റനായും തെറ്റുകൾ ആവർത്തിക്കുന്നതോടെ രോഹിത് ശർമയുടെ കാലം കഴിഞ്ഞെന്നാണ് ആരാധകരും മുൻ താരങ്ങളും ആവർത്തിച്ചുപറയുന്നത്.
Content Highlights: Ajit Agarkar is in Melbourne right now will have a conversation about Rohit's future.