ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മോശം പ്രകടനം നടത്തുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ താരം സുനിൽ ഗാവസ്കർ. മുഹമ്മദ് സിറാജ് മോശം പ്രകടനമാണ് നടത്തുന്നത്. കുറച്ച് മത്സരങ്ങളിലെ വിശ്രമത്തിനും അപ്പുറം സിറാജ് നടത്തുന്നത് മോശം പ്രകടനമെന്ന് അയാളെ പറഞ്ഞ് മനസിലാക്കണം. ബുംമ്രയുടെ സഹായത്തിനായി പ്രസിദ് കൃഷ്ണയെയോ ഹർഷിത് റാണയെയോ ടീമിൽ ഉൾപ്പെടുത്താമെന്നും ഗാവസ്കർ വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ 23 ഓവർ പന്തെറിഞ്ഞ സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. 4.07 ആണ് ബൗളിങ് എക്കണോമി. പരമ്പരയിൽ 4.08 എക്കണോമിയിലാണ് സിറാജ് പന്തെറിയുന്നത്.
അതിനിടെ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 82 റൺസും വിരാട് കോഹ്ലി 36 റൺസുമെടുത്തു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തു. എങ്കിലും ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 310 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ എല്ലാവരും പുറത്തായിരുന്നു.
Content Highlights: Sunil Gavaskar Wants India To Drop Out-Of-Form Siraj