വീണ്ടും 'കലിപ്പ് സീന്‍'; ഔട്ടായി മടങ്ങവേ കൂകിവിളിച്ച് കാണികള്‍, വിട്ടുകൊടുക്കാതെ കോഹ്‌ലിയും, വീഡിയോ

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടെത്തി താരത്തെ പിന്തിരിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു

dot image

മെല്‍ബണ്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയും ഓസീസ് അരങ്ങേറ്റ താരം സാം കോണ്‍സ്റ്റാസും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ ഓസീസ് ആരാധകരും മാധ്യമങ്ങളും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തി.

സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം രണ്ടാം ദിനവും ആരാധകര്‍ കോഹ്‌ലിക്ക് നേരെ തിരിയുകയായിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും കോഹ്‌ലിയോടുള്ള അമര്‍ഷം മെല്‍ബണിലെ കാണികള്‍ പ്രകടമാക്കിയിരുന്നു. ഔട്ടായി പവലിയനിലേയ്ക്ക് മടങ്ങവേ കോഹ്‌ലിയെ കൂവി വിളിക്കുന്നതും ഇതിനോട് താരം പ്രതികരിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മെല്‍ബണിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി നാലാമനായി ഇറങ്ങിയ കോഹ്‌ലി 86 പന്തില്‍ 36 റണ്‍സെടുത്താണ് പുറത്തായത്. ചെറിയ സ്‌കോറിന് പുറത്തായ കോഹ്‌ലി പവലിയനിലേയ്ക്ക് മടങ്ങവേ കാണികള്‍ നന്നായി കൂവുന്നുണ്ടായിരുന്നു. ഇതോടെ പോകുന്ന വഴിയില്‍ നിന്നും തിരിച്ച് നടന്ന് ഈ ആരാധകരെ രൂക്ഷമായി നോക്കുന്നതും പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടെത്തി താരത്തെ പിന്തിരിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മെൽബൺ ടെസ്റ്റിന്റെ ഒന്നാംദിനം പത്താം ഓവറിലാണ് വിരാട് കോഹ്‌ലിയും സാം കോൺ‌സ്റ്റാസും തമ്മിലുള്ള തര്‍ക്കം നടന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിനെ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു. അനാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവരടക്കമുള്ള മുൻ‌ താരങ്ങൾ‌ രംഗത്തെത്തിയിരുന്നു.

Content Highlights: Angry Virat Kohli responds to booing from Aussie crowd after getting dismissed in Boxing Day Test, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us