അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കി ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ്. ആദ്യം പന്തുകൊണ്ട് പാകിസ്താനെ എറിഞ്ഞിട്ടു. പിന്നാലെ ഒമ്പതാമനായി പുറത്താകാതെ 81 റൺസുമായി ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ മികച്ച ലീഡും നേടിക്കെടുത്താണ് ബോഷ് തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 211 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഡെയ്ൻ പാറ്റേഴ്സണും നാല് വിക്കറ്റെടുത്ത കോർബിൻ ബോഷും ചേർന്നാണ് പാകിസ്താനെ കുഞ്ഞൻ സ്കോറിൽ ഒതുക്കിയത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കൻ നിരയിൽ എയ്ഡാൻ മാർക്രം മാത്രമാണ് പക്വതയാർന്ന പ്രകടനം പുറത്തെടുത്തത്.
89 റൺസുമായി മാർക്രം എട്ടാമനായി പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 213 റൺസായിരുന്നു. രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നത്. അവിടെ നിന്നുമാണ് കോർബിൻ ബോഷിന്റെ ബാറ്റിങ് പ്രകടനം തുടങ്ങുന്നത്. കഗീസോ റബാദയെയും ഡെയ്ൻ പാറ്റേഴ്സണെയും കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്കൻ സ്കോർ 301ൽ എത്തിക്കാൻ ബോഷിന് കഴിഞ്ഞു. 90 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായി.
Content Highlights: Corbin Bosch smashes batting record on debut, helps South Africa take big lead against Pakistan