ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ കരിയറിൽ മറ്റൊരു നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡ് ഇനി സ്മിത്തിന്റെ പേരിലാണ്. മെൽബണിൽ ഇന്ത്യയ്ക്കെതിരായ 11-ാം സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇന്ത്യയ്ക്കെതിരെ 10 സെഞ്ച്വറി നേടിയിട്ടുണ്ട്.
ബോക്സിങ് ഡേ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്ത് 140 റൺസ് നേടി. 197 പന്തിൽ 13 ഫോറും മൂന്ന് സിക്സും സഹിതമാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. ഒന്നാം ഇന്നിംഗ്സിൽ 474 എന്ന തകർപ്പൻ സ്കോറിലെത്താനും ഓസ്ട്രേലിയയ്ക്ക് സ്മിത്തിന്റെ ഇന്നിംഗ്സ് ഗുണമായി. സാം കോൺസ്റ്റാസ് 60, ഉസ്മാൻ ഖ്വാജ 57, മാർനസ് ലബുഷെയ്ൻ 72, പാറ്റ് കമ്മിൻസ് 49, അലക്സ് ക്യാരി 31 എന്നിവരും മികച്ച പ്രകടനം നടത്തി.
മറുപടി പറയുന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 82 റൺസും വിരാട് കോഹ്‍ലി 36 റൺസുമെടുത്തു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തു. എങ്കിലും ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 310 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ എല്ലാവരും പുറത്തായിരുന്നു.
Content Highlights: Steve Smith records most hundreds against India in Tests