'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്!'; വിക്കറ്റ് നഷ്ടപ്പെടുത്തിയ പന്തിനെ ഓണ്‍ എയറില്‍ വിമര്‍ശിച്ച് ഗാവസ്കർ

പുറത്തായതിന് ശേഷം പന്ത് ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് പോകരുതെന്നും ഓസ്‌ട്രേലിയയുടെ ഡ്രസിങ് റൂമിലേക്ക് പോകണമെന്നും ഗാവസ്‌കര്‍ നിര്‍ദേശിച്ചു

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം മോശം ഷോട്ട് കളിച്ച് ആദ്യ സെഷനില്‍ തന്നെ പന്ത് പുറത്തായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 37 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ സ്‌കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്. ഇതില്‍ നിരാശനായ ഗാവസ്‌കര്‍ കമന്ററിക്കിടെ തന്നെ പന്തിനെ വിമര്‍ശിക്കുകയായിരുന്നു.

പന്തിന്റെ ഷോട്ട് സെലക്ഷനെ 'മണ്ടത്തരം' എന്നാണ് ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തി ബാറ്റര്‍ ടീമിനെ നിരാശപ്പെടുത്തിയെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വേണ്ടിയല്ല മറിച്ച് പന്ത് ഓസീസിന് വേണ്ടി കളിക്കുകയാണെന്നാണ് തോന്നിപ്പിച്ചതെന്നും ഗാവസ്‌കര്‍ ആരോപിച്ചു.

'സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്! അവിടെ രണ്ട് ഫീല്‍ഡര്‍മാരുണ്ട്. അതിന് മുന്‍പത്തെ ഷോട്ട് നിങ്ങള്‍ക്ക് നഷ്ടമായതുമാണ്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ടിന് ശ്രമിച്ചു. നിങ്ങള്‍ എവിടെയാണ് ക്യാച്ച് നല്‍കിയതെന്ന് നോക്കൂ, ഡീപ് തേര്‍ഡ് മാനില്‍. നിങ്ങള്‍ വെറുതെ വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് ചെയ്തത്', ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

'ടീമിന്റെ സാഹചര്യം കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടിയിരുന്നു. ഇത്തരം ഷോട്ടുകള്‍ നിങ്ങള്‍ മുന്‍പും കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെയ്തത് മണ്ടത്തരമാണ്. ടീമിനെ മോശം നിലയിലാക്കുന്ന മണ്ടന്‍ ഷോട്ടായിരുന്നു അത്', ഗാവസ്‌കര്‍ പറഞ്ഞു.

പുറത്തായതിന് ശേഷം പന്ത് ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് പോകരുതെന്നും ഗാവസ്‌കര്‍ നിര്‍ദേശിച്ചു. 'പന്ത് ആ ഡ്രസിങ് റൂമില്‍ പോകരുത്. ഓസ്‌ട്രേലിയയുടെ ഡ്രസിങ് റൂമിലേക്ക് വേണം പോകാന്‍', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 56-ാം ഓവറിലെ നാലാം പന്തിലാണ് പന്ത് കൂടാരം കയറിയത്. പുറത്താവുന്നതിന് തൊട്ടുമുന്‍പ് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ആദ്യം തന്റെ സിഗ്‌നേച്ചര്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ടൈമിങ് തെറ്റി പന്ത് റിഷഭിന്റെ വയറില്‍ കൊണ്ടു. ഇതോടെ റിഷഭ് നിലത്തുവീഴുകയും ചെയ്തു.

പിന്നാലെ തൊട്ടടുത്ത പന്തില്‍ റിഷഭ് വീണ്ടും ഇതേ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഷോട്ട് എഡ്ജായി തേര്‍ഡ് മാനിലേക്ക് എത്തുകയും അനായാസ ക്യാച്ചില്‍ നഥാന്‍ ലിയോണിന്റെ കൈകളിലെത്തിയതോടെ പന്ത് പുറത്തേക്ക്. അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ പന്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുകയാണ്. പന്തിന്റെ ഈഗോ കാരണമാണ് വിക്കറ്റ് നഷ്ടമായതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

Content Highlights: Furious Sunil Gavaskar slams Rishabh Pant for reckless dismissal

dot image
To advertise here,contact us
dot image