കേരളത്തിലെ ക്രിക്കറ്റ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 74-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റ് അവതരിപ്പിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 17,000 പേരെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നതാണ് പ്രധാന പ്രഖ്യാപനം. പരിരക്ഷയുടെ നേട്ടം ജില്ല-സംസ്ഥാന പാനല്‍ അമ്പയര്‍മാര്‍, സ്‌കോറര്‍മാര്‍, ജീവനക്കാര്‍, ജില്ലാ ഭാരവാഹികള്‍, കെ സി എ ഭാരവാഹികള്‍, കെ സി എ അംഗങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കും.
ആദ്യ ഘട്ടത്തില്‍ ഓണ്‍ഫീല്‍ഡ് പരിക്കുകള്‍ക്കുള്ള ചികിത്സയും ആശുപത്രിവാസവുമാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുക. പിന്നീട് ഇത് മെഡിക്ലെയിമും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വികസിപ്പിക്കും. പുതുതലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് സ്ഥലങ്ങളില്‍ അത്യാധുനിക ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
തൊടുപുഴയിലെ തേക്കുംഭാഗം തിരുവനന്തപുരം മംഗലപുരം എന്നിവടങ്ങളിലാണ് അക്കാദമി സ്ഥാപിക്കുന്നത്. കൂടാതെ, കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി മികച്ച സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം നിർമിക്കും. കൊല്ലം എഴുകോണിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും തീരുമാനമായി. മംഗലപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലെ പ്രധാന കെ.സി.എ. ഗ്രൗണ്ടുകളില്‍ ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കും.
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 സംഘടിപ്പിക്കാനും തീരുമാനിച്ചു. കേരള വനിത ക്രിക്കറ്റ് ലീഗ് ആരംഭിക്കുവാനും പദ്ധതിയുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ കൂടി സ്ഥലം വാങ്ങുവാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Content Highlights: Kerala Cricket Association plans big projects in Annual General Body Meeting