ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടത്തോടെ 200-ാം വിക്കറ്റ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. 20ൽ താഴെ റൺസ് ശരാശരിയിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ താരമാണ് ബുംമ്ര. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലാണ് ബുംമ്രയുടെ ചരിത്ര നേട്ടം.
രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചാണ് ബുംമ്ര വിക്കറ്റ് നേട്ടം 200 ആക്കിയത്. പിന്നാലെ മിച്ചൽ മാർഷിനെയും അലക്സ് ക്യാരിയെയും വീഴ്ത്തിയ ബുംമ്രയുടെ ആകെ വിക്കറ്റ് നേട്ടം 202 ആയി. മത്സരത്തിലാകെ ഇതുവരെ ബുംമ്ര നാല് വിക്കറ്റുകൾ നേടി.
വേഗത്തിൽ 200 വിക്കറ്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് ബുംമ്ര. രവീന്ദ്ര ജഡേജയ്ക്കൊപ്പം 44-ാം ടെസ്റ്റിലാണ് ബുംമ്രയുടെ 200 വിക്കറ്റ് നേട്ടം. 37 ടെസ്റ്റുകളിൽ നിന്ന് 200 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം. നാലാം ദിവസം രണ്ട് സെഷൻ പിന്നിടുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ലീഡ് 240 റൺസും ആയി.
Content Highlights: Jasprit Bumrah Reaches 200 Test Wickets