വാലറ്റവും കാത്തില്ല; മെല്‍ബണിലും തകർന്നടിഞ്ഞ് ഇന്ത്യ, പരമ്പരയില്‍ ഓസീസ് മുന്നില്‍

ഇന്ത്യയ്ക്ക് വേണ്ടി ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വാലറ്റം പൊരുതാനാവാതെ വീണതോടെ ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. മെല്‍ബണില്‍ ഇന്ത്യയെ 184 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ അവസാന സെഷനിലാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി.

ഇന്ത്യയ്ക്ക് വേണ്ടി ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വാലറ്റം പൊരുതാനാവാതെ വീണതോടെ ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു. 208 പന്തില്‍ എട്ട് ബൗണ്ടറി സഹിതം 83 റണ്‍സെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 33 റണ്‍സ് ചേരുന്നതിനുള്ളില്‍ തന്നെ ഇന്ത്യയുടെ മൂന്ന് മുന്‍നിര താരങ്ങള്‍ കൂടാരം കയറി. രോഹിത് ശര്‍മ (0), കെ എല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

റിഷഭ് പന്തും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് രണ്ടാം സെഷനില്‍ ഇന്ത്യയെ വിക്കറ്റ് പോകാതെ കാത്തു.

എന്നാല്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 30 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ രണ്ട് റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും ഒരു റണ്‍ മാത്രമെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡിയും ക്രീസ് വിട്ടു.

തൊട്ടുപിന്നാലെ യശസ്വി ജയ്‌സ്വാളിനെയും നഷ്ടമായതോടെ ഇന്ത്യ പതറി. 208 പന്തില്‍ 83 റണ്‍സെടുത്ത ജയ്‌സ്വാളിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. പിന്നാലെ ആകാശ് ദീപും (7) ജസ്പ്രീത് ബുംമ്രയും (0) അതിവേഗം പവലിയനിലേയ്ക്ക് മടങ്ങി. മുഹമ്മദ് സിറാജിനെ (0) നഥാന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. അഞ്ച് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.

Content Highlights: India vs Australia, 4th Test Day 5: Australia beat India by 184 runs at MCG, lead series 2-1

dot image
To advertise here,contact us
dot image