വീണ്ടും ബെയ്ല്‍സ് മാറ്റിവെക്കല്‍ 'തന്ത്രം'; അന്ധവിശ്വാസമുണ്ടോയെന്ന് സ്റ്റാര്‍ക്, മാസ് മറുപടിയുമായി ജയ്‌സ്വാള്‍

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ വീണ്ടും ബെയ്ല്‍സ് മാറ്റിവെക്കല്‍ 'ഭാഗ്യപരീക്ഷണം'. ഗാബ ടെസ്റ്റിനിടെ ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നെതിരെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് പരീക്ഷിച്ച് വിജയിച്ചതോടെ ശ്രദ്ധ നേടിയ ബെയ്ല്‍സ് മാറ്റിവെച്ചുകൊണ്ടുള്ള തന്ത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തവണ വിക്കറ്റ് നേടാന്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാളിനെതിരെയാണ് മൈന്‍ഡ് ഗെയിം പ്രയോഗിച്ചത്.

ടെസ്റ്റിന്റെ അവസാന ദിനം യശസ്വി ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാറ്ററുടെ ക്രീസിലെ ബെയ്ല്‍സ് പരസ്പരം മാറ്റിവെച്ച് ഭാഗ്യം പരീക്ഷിക്കുന്ന രീതി സ്റ്റാര്‍ക് പ്രയോഗിച്ചത്. 33-ാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിന് പിന്നാലെ സ്റ്റാര്‍ക് ബാറ്ററുടെ ക്രീസിലെ ബെയ്ല്‍സ് പരസ്പരം മാറ്റിവെക്കുകയായിരുന്നു. അടുത്ത പന്തെറിയാനായി സ്റ്റാര്‍ക് മടങ്ങിയതിന് തൊട്ടുപിന്നാലെ ജയ്‌സ്വാള്‍ ബെയ്ല്‍സ് പഴയ പടി തിരികെ വെക്കുകയും ചെയ്തു. ഇത്തവണ ബെയ്ല്‍സ് മാറ്റിവെച്ചതിന് ശേഷം ജയ്‌സ്വാളിന്റെ വിക്കറ്റ് വീണില്ല.

രണ്ട് ബൗള്‍ കൂടി ചെയ്തതിന് പിന്നാലെ ജയ്‌സ്വാളിനോട് നിങ്ങള്‍ അന്ധവിശ്വാസിയാണോയെന്ന് സ്റ്റാര്‍ക് ചോദിക്കുന്നുണ്ട്. സ്റ്റാര്‍ക്കിന്റെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ജയ്‌സ്വാള്‍ നല്ല മറുപടി നല്‍കുന്നുമുണ്ട്. 'ഞാന്‍ എന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്.

അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. എന്റെ ജീവിതത്തിലെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്', എന്നായിരുന്നു ജയ്‌സ്വാളിന്റെ മറുപടി.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു. ലബുഷെയ്ൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ബെയ്ൽസ് തമ്മിൽ സിറാജ് മാറ്റിവെച്ചു. എന്നാൽ ബെയ്ൽസ് പഴയുപോലെ ലബുഷെയ്ൻ തിരികെവെച്ചു. എങ്കിലും തൊട്ടടുത്ത ഓവറിൽ നിതീഷ് കുമാർ റെഡ്ഡിക്ക് വിക്കറ്റ് സമ്മാനിച്ച് ലബുഷെയ്ൻ പുറത്തായി.

മെൽബൺ ടെസ്റ്റിനിടെ മുഹമ്മദ് സിറാജ് വീണ്ടും മൈൻഡ് ​ഗെയിം പരീക്ഷിച്ചു. ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷെയ്നെ താൻ സ്റ്റമ്പിന്റെ ബെയ്ൽസുകൾ തമ്മിൽ മാറ്റിവെച്ചെന്ന് സിറാജ് അറി‍യിക്കുകയും ചെയ്തു. ഇത്തവണ ലബുഷെയ്ൻ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധയോടെ കളിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംമ്രയുടെ പന്തിൽ ഉസ്മാൻ ഖ്വാജയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടു.

Content Highlights: Yashasvi Jaiswal shuts Mitchell Starc with classy response to 'superstitious' query after bail-switching antics on Day 5

dot image
To advertise here,contact us
dot image