ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ താരത്തെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം സൈമണ്‍ കാറ്റിച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മെല്‍ബണിലും കോഹ്‌ലി മോശം പ്രകടനം തുടര്‍ന്നതോടെ 'കിങ് ഈസ് ഡെഡ്!' എന്നായിരുന്നു കാറ്റിച്ച് കമന്ററി ബോക്‌സില്‍ നിന്ന് പറഞ്ഞത്. കോഹ്‌ലിയെന്ന താരം ഇല്ലാതായി കഴിഞ്ഞെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരാള്‍ 'രാജാവി'ന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നുകഴിഞ്ഞെന്നും കാറ്റിച്ച് തുറന്നടിച്ചു. കാറ്റിച്ചിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചയാവുകയും ചെയ്തു.
'കിങ് 'മരിച്ചു'കഴിഞ്ഞു. വളരെ ക്ഷീണിതനായി അദ്ദേഹം നടന്നകലുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജാവിന്റെ 'മേലങ്കി' ഇപ്പോള്‍ ജസ്പ്രീത് ബുംമ്ര ഏറ്റെടുത്തുകഴിഞ്ഞു. കോഹ്‌ലി സ്വന്തം അവസ്ഥയില്‍ തന്നെ അതീവ ദുഃഖിതനായി കാണപ്പെടുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. നിലവിലെ അവസ്ഥയില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും', കാറ്റിച്ച് കമന്ററിയിലൂടെ പറഞ്ഞു.
🗣️ "Starc has the big fish and that is disastrous for India." - @tommorris32
— SEN Cricket (@SEN_Cricket) December 30, 2024
🗣️ "The king is dead. He trudges off." - Simon Katich
Virat Kohli throws his wicket away right before lunch 🤯#AUSvIND 🏏 | @NufarmAustralia pic.twitter.com/Rmsz1f2NHa
മെല്‍ബണ്‍ ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷന് പിരിയുന്നതിന് തൊട്ടുമുന്‍പാണ് വിരാട് കോഹ്‌ലി പുറത്താവുന്നത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് നേടിയ കോഹ്‌ലിയെ മിച്ചല്‍ സ്റ്റാര്‍ക് ഉസ്മാന്‍ ഖവാജയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന ഡെലിവറികളില്‍ പരുങ്ങുന്ന കോഹ്‌ലിയെയാണ് പരമ്പരയില്‍ ഉടനീളം കണ്ടത്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇതേ പിഴവ് ആവര്‍ത്തിച്ച കോഹ്‌ലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം മെല്‍ബണില്‍ ഇന്ത്യയെ 184 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ബോക്സിങ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ അവസാന സെഷനിലാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി.
Content Highlights: King is dead: Simon Katich's commentary on Virat Kohli's dismissal at MCG goes viral