ക്യാപ്റ്റനില്ലാതെ കോച്ചിന്‍റെ പ്രസ് മീറ്റ്; സിഡ്‌നിയില്‍ രോഹിത് കളിക്കുമോ?, ഉറപ്പുപറയാതെ ഗംഭീര്‍

അതേസമയം പേസര്‍ ആകാശ് ദീപിന് അഞ്ചാം ടെസ്റ്റ് നഷ്ടമാവുമെന്ന് കോച്ച് സ്ഥിരീകരിക്കുകയും ചെയ്തു

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കോച്ച് ഗൗതം ഗംഭീര്‍. ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. അതേസമയം പേസര്‍ ആകാശ് ദീപിന് അഞ്ചാം ടെസ്റ്റ് നഷ്ടമാവുമെന്ന് കോച്ച് സ്ഥിരീകരിക്കുകയും ചെയ്തു.

പതിവിന് വിപരീതമായി ഗംഭീര്‍ ഒറ്റയ്ക്കാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഇതോടെ സ്വാഭാവികമായും അഞ്ചാം ടെസ്റ്റിന് രോഹിത് ഉണ്ടാകുമോ എന്ന ചോദ്യമുയര്‍ന്നു. നാളെ പിച്ച് നോക്കിയായിരിക്കും ഇലവനെ തിരഞ്ഞെടുക്കുക എന്നായിരുന്നു ഗംഭീറിന്റെ മറുപടി. കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് നടക്കുന്നതെന്നും പരിശീലകനൊപ്പം ക്യാപ്റ്റന്‍ വാര്‍ത്താ സമ്മേളനത്തിന് വരാത്തതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഗംഭീര്‍ വാദിക്കുകയും ചെയ്തു.

'ടീമിന്റെ ഹെഡ് കോച്ച് ഇവിടെയുണ്ട്. അത് മതിയാകുമെന്നാണ് കരുതുന്നത്. രോഹിത്തിന് കുഴപ്പമൊന്നുമില്ല. പിച്ച് നോക്കിയായിരിക്കും നാളെ ഇലവനെ തീരുമാനിക്കുക', ഗംഭീര്‍ പറഞ്ഞു.

ഇതോടെ രോഹിത് സിഡ്‌നിയില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറപ്പിക്കുന്നത്. ടീമില്‍ രോഹിത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ബാറ്റിങ്ങില്‍ മോശം ഫോമില്‍ തുടരുന്ന രോഹിത് ശര്‍മ പ്ലേയിങ് ഇലവനില്‍ നിന്ന് സ്വയം പിന്മാറുമെന്നാണ് സൂചന. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ രോഹിത് ശര്‍മ വിരമിച്ചേക്കുമെന്നും ശക്തമായ റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Gautam Gambhir refuses to confirm Rohit Sharma in India XI for Sydney Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us