ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുമായി പരിശീലകൻ ഗൗതം ഗംഭീറിന് മികച്ച ബന്ധം പുലർത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ. ടീമിന്റെ മോശം പ്രകടനം തുടരുകയാണെങ്കിൽ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഗംഭീറിന്റെ പരിശീലന സ്ഥാനത്തിന് ഇളക്കം തട്ടിയേക്കും. ഇന്ത്യൻ ടീം മുൻ പരിശീലകരായ രാഹുൽ ദ്രാവിഡിനെയും രവി ശാസ്ത്രിയെയും പോലെ താരങ്ങളുമായി മികച്ച ആശയവിനിമയം നടത്താൻ ഗംഭീറിന് സാധിക്കുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
മുമ്പ് താരങ്ങളെ ടീമിൽ എടുത്തില്ലെങ്കിൽ ക്യാപ്റ്റൻ രോഹിത് ശർമ അവരുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായ ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്ന താരങ്ങളുമായി ആശയ വിനിമയം നടത്താറില്ല. ഗംഭീറിന്റെ കർശനമായ നിലപാടുകൾ താരങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റും ചാംപ്യൻസ് ട്രോഫിയുമാണ് ഇനി ഇന്ത്യൻ ടീമിന് മുന്നിലുള്ളത്. ടീമിന്റെ പ്രകടനം മികച്ചതായില്ലെങ്കിൽ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജൂണിൽ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീർ എത്തിയത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര, ബംഗ്ലാദേശിനെതിരായ ട്വന്റി 20, ടെസ്റ്റ് പരമ്പര എന്നിവ ഗംഭീറിന് കീഴിൽ ഇന്ത്യ വിജയിച്ചു. എന്നാൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയും ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ പരാജയപ്പെട്ടു. ബോർഡർ-ഗാവസ്കർ ട്രോഫിയിലും ഇന്ത്യ 2-1ന് പിന്നിലാണ്. ഇതോടെയാണ് ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് തിരിച്ചടിയാകുന്നത്.
Content Highlights: Gautam Gambhir Under Scanner as India head coach post