ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബൺ ബോക്സിങ് ഡേ ടെസ്റ്റ് വിജയത്തോടെ പരമ്പരയിൽ 2-1 ന് മുമ്പിലെത്തിയിയിരിക്കുകയാണ് ഓസീസ്. ഇതോടെ നാളെ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റായ സിഡ്‌നി ടെസ്റ്റ് ഇന്ത്യയ്ക്ക് നിർണ്ണായകമായിരിക്കുകയാണ്. പരമ്പര നേടാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ സജീവമാക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം അനിവാര്യമാണ്.
എന്നാൽ ഇന്ത്യയ്ക്ക് ഒട്ടും ആശ്വാസം പകരുന്നതല്ല സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യയുടെ മുൻ കാല റെക്കോർഡുകൾ. ഇതിന് മുമ്പ് 1978 ലാണ് ഇന്ത്യ ഇവിടെ ആദ്യമായും അവസാനമായും ഒരു ടെസ്റ്റ് മത്സരം ജയിച്ചിട്ട്, ആകെ മൊത്തം ഇവിടെ കളിച്ച 13 ടെസ്റ്റുകളിൽ 1978 ജനുവരിയിൽ ബിഷൻ സിംഗ് ബേദിയുടെ നേതൃത്വത്തിൽ കളിച്ച ഒറ്റ ടെസ്റ്റിൽ മാത്രമാണ് വിജയക്കൊടി പാറിപ്പിക്കാനായത് .
ബോർഡർ-ഗവാസ്‌കർ ട്രോഫി 2020-21-ലാണ് ഇന്ത്യ അവസാനമായി ഇവിടെ കളിച്ചത്. 2021 ജനുവരി 7 മുതൽ 11 വരെ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, സ്റ്റീവ് സ്മിത്തിൻ്റെ 131 റൺസിന്റെയും മാർനസ് ലാബുഷെയ്‌നിന്റെ 91 റൺസിന്റെയും കരുത്തിൽ കരുത്തിൽ 338 റൺസ് നേടി.
ശുഭ്‌മാൻ ഗില്ലിൻ്റെ 50 റൺസിന്റെയും ചേതേശ്വര് പൂജാരയുടെ 50 റൺസിന്റെയും കരുത്തിൽ ഇന്ത്യ 244 റൺസിന് മറുപടി നൽകി. 312/6 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യക്ക് 407 റൺസിൻ്റെ ഭയാനകമായ വിജയലക്ഷ്യം മുന്നിൽ വെച്ചു. തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും നഷ്ടമായതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലാവുകയും ചെയ്തു.
എന്നാൽ മധ്യനിരയുടെയും ലോവർ ഓർഡറിൻ്റെയും ചെറുത്തുനിൽപ്പ് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകി. റിഷഭ് പന്ത് 118 പന്തിൽ 97 റൺസെടുത്തപ്പോൾ ചേതേശ്വർ പൂജാര 77 റൺസുമായി ഉറച്ചുനിന്നു. ഒടുവിൽ വിഹാരിയും (161 പന്തിൽ 23) അശ്വിനും (128 പന്തിൽ 39) ചേർന്ന് മത്സരം സമനിലയിലയാക്കി.
Content Highlights: india last win in sydeney in 1978, only one win in 13 test