ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജനുവരി മൂന്നിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാമങ്കം തുടങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനും പരമ്പര കൈവിട്ടുകളയാതിരിക്കാനും സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
അതേസമയം സിഡ്‌നിയിലെ കാലാവസ്ഥാ റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്ക് ആശങ്കയാകുകയാണ്. സിഡ്‌നി ടെസ്റ്റിന്റെ ആദ്യത്തെ നാല് ദിവസം മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ അഞ്ചാം ദിവസം ഉച്ചതിരിഞ്ഞ് സിഡ്‌നിയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്താല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെഷനില്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകും.
മഴ പെയ്ത് മത്സരം തടസ്സപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ പരാജയം വഴങ്ങാതിരിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് മത്സരം അതിവേഗം പൂര്‍ത്തിയാക്കേണ്ടതായി വരും. സിഡ്‌നിയില്‍ പരാജയമോ സമനിലയോ വഴങ്ങേണ്ടിവന്നാല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന ഇന്ത്യയുടെ മോഹത്തിന് തടസ്സമാകും.
പരമ്പരയില്‍ ഇതുവരെ മഴ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍. മഴയെ തുടര്‍ന്ന് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബ്രിസ്‌ബേനില്‍ മഴ ഇന്ത്യയെ രക്ഷിച്ചെങ്കിലും മെല്‍ബണിലെ മഴയ്ക്ക് ഓസീസ് വിജയം തടയാന്‍ സാധിച്ചില്ല. മെല്‍ബണിലെ പോലെ സിഡ്‌നിയില്‍ മത്സരം അവസാന സെഷനിലേയ്ക്ക് നീണ്ടാല്‍ മഴ മത്സരഫലത്തെ സ്വാധീനിച്ചേക്കും. സിഡ്‌നിയില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചാല്‍ പോലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസിന് മുന്‍തൂക്കം ലഭിക്കും.
Content Highlights: India vs Australia, 5th Test: Sydney weather forecast