ക്യാച്ചെടുക്കാൻ ബൗണ്ടറിലൈൻ വരെയെത്തി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ മിച്ചൽ ഹെ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിലാണ് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്ററുടെ തകർപ്പൻ ക്യാച്ച്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ആദ്യം ഫീൽഡിങ്ങിനിറങ്ങി. ശ്രീലങ്കൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് മിച്ചൽ ഹെ തകർപ്പൻ ക്യാച്ചെടുത്തത്.
മാറ്റ് ഹെൻറിയുടെ പന്തിൽ പുൾഷോട്ടിനായിരുന്നു ശ്രീലങ്കൻ ബാറ്റർ പത്തും നിസങ്ക ശ്രമിച്ചത്. എന്നാൽ ബാറ്റിൽ എഡ്ജായി പന്ത് വിക്കറ്റ് കീപ്പറിന് മുകളിൽ ഉയർന്നു. പിന്നിലേക്ക് ഓടിയ മിച്ചൽ ഹേ ബൗണ്ടറി ലൈനിലെത്തി പന്ത് പിടികൂടി. സിക്സർ പോവാതിരിക്കാൻ പന്ത് അന്തരീക്ഷത്തിൽ ഉയർത്തി എറിഞ്ഞു. പിന്നാലെ ബൗണ്ടറിയിൽ നിന്നും തിരികെ ചാടി എത്തി ക്യാച്ച് സുരക്ഷിതമായി പിടികൂടാനും മിച്ചൽ ഹെയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ ശ്രീലങ്ക ഏഴ് റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി ഏഴിന് 211ൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യൂസിലാൻഡ് ആണ് വിജയിച്ചത്.
Content Highlights: New Zealand wicket keeper batter Mitchell Hay took a catch at beside the boundary rope