രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ അതെന്നെ ഞെട്ടിക്കില്ല; രവി ശാസ്ത്രി

ഓസ്‌ട്രേലിയൻ പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 6.2 ശരാശരിയിൽ 31 റൺസ് മാത്രമാണ് രോഹിതിന് നേടാനായത്

dot image

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് മുൻ പരിശീലകനും ഇന്ത്യൻ താരവുമായ രവി ശാസ്ത്രി. അങ്ങനെയൊരു തീരുമാനം രോഹിതിനുണ്ടെങ്കിൽ സിഡ്‌നിയിൽ താരത്തെ നിർബന്ധമായും കളിപ്പിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് രോഹിത് കളിക്കുമോയെന്ന് സ്ഥിരീകരിക്കാൻ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ വിസമ്മതിച്ചതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പരാമർശം, വെള്ളിയാഴ്ച ടോസിന് മുമ്പ് മാത്രമേ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഗംഭീർ പറഞ്ഞത്.

ഓസ്‌ട്രേലിയൻ പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 6.2 ശരാശരിയിൽ 31 റൺസ് മാത്രമാണ് രോഹിതിന് നേടാനായത്, വ്യാഴാഴ്ച ഗംഭീറിൻ്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം മുതൽ ഇന്ത്യൻ ക്യാപ്റ്റൻ്റെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായി. ഇന്ത്യ ജയിച്ച പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്ഥിരം നായകൻ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് നാട്ടിൽ തുടർന്നപ്പോൾ വൈസ് ക്യാപ്റ്റൻ ബുംമ്രയാണ് ടീമിനെ നയിച്ചത്.

'രോഹിത് തൻ്റെ കരിയറിൽ ഒരു കോൾ എടുക്കും, പക്ഷേ രോഹിത് വിരമിച്ചാൽ ഞാൻ ഞെട്ടിപ്പോകില്ല' ശാസ്ത്രി പറഞ്ഞു. '2024-ൽ 40-ന് മുകളിൽ ശരാശരിയുള്ള ശുഭ്മാൻ ഗില്ലിനെപ്പോലെ യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയാണ്. ആ നിലവാരമുള്ള ഒരു കളിക്കാരൻ ബെഞ്ചിൽ ഇരിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. എന്നാൽ ഞാൻ അത്ഭുതപ്പെടാനില്ല, പക്ഷേ ആത്യന്തികമായി ഇത് അദ്ദേഹത്തിൻ്റെ തീരുമാനമാണ്', ശാസ്ത്രി പറഞ്ഞു. അതേ സമയം 2024 ടി 20 ലോകകപ്പ് നേടിയ ശേഷമാണ് രോഹിത് ടി 20 യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ടൂർണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ രോഹിതിനായിരുന്നു.

അതേസമയം, ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റായ സിഡ്‌നി ടെസ്റ്റ് നാളെയാണ് ആരംഭിക്കുന്നത്. നിലവിൽ ഒരു മത്സരത്തിന് പിന്നിലായ ഇന്ത്യയ്ക്ക് പരമ്പര നേടുവാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയുടെ സാധ്യത സജീവമാക്കാനും സിഡ്‌നിയിൽ ജയിച്ചേ തീരൂ. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ പേസർ ആകാശ് ദീപ് കളിക്കില്ല എന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റ് മാറ്റങ്ങളുടെ കാര്യത്തിൽ പരിശീലകൻ ഗംഭീർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Content Highlights: Ravi Shastri on rohit sharma test cricket retirment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us