അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ സിംബാബ്‍വെയ്ക്ക് മേൽക്കൈ. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ്. സിംബാബ്‍വെയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിന് ഒപ്പമെത്താൻ അഫ്ഗാനിസ്ഥാന് ഇനി 40 റൺസ് കൂടി വേണം.
നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റൺസെന്ന നിലയിലാണ് സിംബാബ്‍വെ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 61 റൺസെടുത്ത സിക്കന്ദർ റാസ, 75 റൺസെടുത്ത ക്രെയ്ഗ് എർവിൻ, 49 റൺസെടുത്ത സീൻ വില്യംസ് എന്നിവരുടെ പ്രകടന മികവിൽ സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്കെത്തി.
ആദ്യ ഇന്നിംഗ്സിൽ 243 റൺസാണ് സിംബാബ്‍വെ നേടിയത്. 86 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും സ്വന്തമാക്കാൻ സിംബാബ്‍വെയ്ക്ക് കഴിഞ്ഞു. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാൻ നാലും യാമിൻ അഹ്മദ്സായി മൂന്നും ഫരീദ് അഹമ്മദ് രണ്ടും വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Content Highlights: Afghanistan 46/3 in second innings after Zimbabwe takes lead