ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സഹതാരം റിഷഭ് പന്ത്. രോഹിത് ശർമയെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ഏറെ വികാരഭരിതമായ നിമിഷമായിരുന്നു. ഏറെക്കാലമായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു രോഹിത്. അയാളെ ഒരു ലീഡറായാണ് എല്ലാവരും കണ്ടിരുന്നത്. റിഷഭ് പന്ത് പറഞ്ഞു.
ചില തീരുമാനങ്ങളിൽ താൻ ഉൾപ്പെടുകയില്ല. അത് ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളാണ്. താൻ ആ സംഭാഷണങ്ങളുടെ ഭാഗമായിട്ടില്ല. അതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും റിഷഭ് പന്ത് വ്യക്തമാക്കി. അതിനിടെ രോഹിത് ശർമയുടെ അഭാവത്തിലും ഇന്ത്യൻ ബാറ്റർമാർ മികവ് കാട്ടിയില്ല.
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 185 റൺസിൽ എല്ലാവരും പുറത്തായി. 40 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 26 റൺസും രോഹിത്തിന് പകരം നായകൻ ജസ്പ്രീത് ബുംമ്ര 22 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി സ്കോട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ്.
Content Highlights: Rishabh Pant ends silence on Rohit Sharma's omission from Sydney Test