പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്. റയാൻ റിക്ലത്തോൺ, ക്യാപ്റ്റൻ ടെംമ്പ ബാവുമ എന്നിവരുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തിയത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എയ്ഡാൻ മാർക്രവും റയാൻ റിക്ലത്തോണും ചേർന്ന ആദ്യ വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 11 റൺസിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മാർക്രം 11, വിയാൻ മൾഡർ അഞ്ച്, ട്രിസ്റ്റൻ സ്റ്റമ്പ്സ് പൂജ്യം എന്നിവരാണ് പുറത്തായത്.
നാലാം വിക്കറ്റിൽ റിക്ലത്തോണും ബാവുമയും ഒത്തുചേർന്നതോടെയാണ് ദക്ഷിണാഫ്രിക്കൻ സ്കോർ മുന്നോട്ട് നീങ്ങിയത്. 232 പന്തിൽ 21 ഫോറും ഒരു സിക്സും സഹിതം 176 റൺസുമായി റിക്ലത്തോൺ ക്രീസിൽ തുടരുകയാണ്. 179 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 106 റൺസ് നേടി ടെംമ്പ ബാവുമ പുറത്തായി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 235 റൺസ് കൂട്ടിച്ചേർത്തു. പാകിസ്താനായി സൽമാൻ അലി ആഗ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: Ryan Rickelton, Temba Bavuma centuries drive South Africa's day