ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിങ് നിരയിൽ ജസ്പ്രീത് ബുംമ്രയുടെ സാന്നിധ്യം ഓസ്ട്രേലിയൻ ബാറ്റിങ് ദുഷ്കരമാക്കുമെന്ന് ഓസ്ട്രേലിയൻ താരം ബ്യൂ വെബ്സ്റ്റർ. മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യ 185 റൺസിൽ ഓൾഔട്ടായിരുന്നു. വരും ദിവസങ്ങളിൽ പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു വെബ്സ്റ്ററുടെ പ്രതികരണം.
മത്സരത്തിന്റെ ആദ്യ ദിവസം പേസ് ബൗളിങ്ങിന് പിച്ചിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ഇന്ത്യയുടെ 185 എന്ന സ്കോർ മികച്ചതാവാം. ഈ പിച്ചിൽ എത്ര റൺസെടുത്താൽ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന് തനിക്ക് അറിയില്ല. എങ്കിലും ഇന്ത്യൻ ബൗളിങ് നിരയിൽ ജസ്പ്രീത് ബുംമ്രയുള്ളത് ഓസീസ് താരങ്ങൾക്ക് ബാറ്റിങ് പ്രയാസമാക്കും. വെബ്സ്റ്റർ പ്രതികരിച്ചു.
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 185 റൺസിൽ എല്ലാവരും പുറത്തായി. 40 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 26 റൺസും രോഹിത്തിന് പകരം നായകൻ ജസ്പ്രീത് ബുംമ്ര 22 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി സ്കോട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ്.
Content Highlights: With Bumrah around, it’d be challenging for batters tomorrow, says Webster