മെല്‍ബണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചുകഴിഞ്ഞെന്നാണ് തോന്നുന്നതെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. സിഡ്‌നി ടെസ്റ്റില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചതിലൂടെ രോഹിത് തന്റെ ടെസ്റ്റ് കരിയറിന് വിരാമം കുറിക്കുകയാണ് ചെയ്യുന്നതെന്നാണ് ഗാവസ്‌കറുടെ അഭിപ്രായം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ആ പദ്ധതിയില്‍ രോഹിത് ഇല്ലെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Sunil Gavaskar Gives Fresh Twist To 'Rift' Rumours
— SportsTiger (@The_SportsTiger) January 3, 2025
📸: BCCI#IndianCricketTeam #rohitsharma pic.twitter.com/2YazRDQm1t
അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന് പിരിഞ്ഞ ഇടവേളയില്‍ സംസാരിക്കവേയായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. 'ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേയ്ക്ക് ഇന്ത്യ യോഗ്യത നേടാന്‍ സാധ്യതയില്ല. എന്നെ സംബന്ധിച്ചിടത്തോളം മെല്‍ബണില്‍ രോഹിത് ശര്‍മ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചെന്നാണ് തോന്നുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ രോഹിത് ശര്‍മ ഇല്ല', ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്‌റ്റോടെ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകളുണ്ട്. ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ മോശം ഫോമിലായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റി നിര്‍ത്തിയാണ് ടീം ഇന്ത്യ സിഡ്‌നി ടെസ്റ്റിന് കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രിത് ബുംമ്രയാണ് താത്കാലിക ക്യാപ്റ്റന്‍. സിഡ്‌നിയില്‍ വിശ്രമമെടുക്കാന്‍ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നെന്നും ആ തീരുമാനത്തിനൊപ്പം ടീം നില്‍ക്കുകയുമായിരുന്നെന്നും ക്യാപ്റ്റന്‍ ബുംമ്ര ടോസിനിടെ വ്യക്തമാക്കി.
Content Highlights: Sunil Gavaskar feels that Rohit Sharma has played his final Test match