'ബുംമ്ര നിരീക്ഷണത്തിലാണ്'; ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി പ്രസിദ് കൃഷ്ണ

സിഡ്‌നിയിലെ രണ്ടാം ദിന മത്സരം നടക്കുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി ബുംമ്ര ഗ്രൗണ്ട് വിട്ടത്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം തെല്ലൊരു ആശങ്കയോടെയാണ് അവസാനിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര ആശുപത്രിയില്‍ സ്‌കാനിങ്ങിന് വിധേയനായിരുന്നു. രണ്ടാം ദിനത്തില്‍ മത്സരം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ഡ്രസിങ് റൂമിലേയ്ക്ക് തിരിച്ചെത്തിയെങ്കിലും ബുംമ്രയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍.

ഇപ്പോള്‍ ബുംമ്രയുടെ അവസ്ഥയെ കുറിച്ചുള്ള നിര്‍ണായക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം പ്രസിദ് കൃഷ്ണ. 'ജസ്പ്രിത് ബുംമ്രയ്ക്ക് അസഹനീയമായ നടുവേദന ഉണ്ടായിരുന്നു. അദ്ദേഹം സ്‌കാനിങ്ങിനാണ് പോയത്. മെഡിക്കല്‍ ടീം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. മെഡിക്കല്‍ ടീം ഉടന്‍ തന്നെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടും', രണ്ടാം ദിനത്തിലെ മത്സരത്തിന് ശേഷം പ്രസിദ് മാധ്യമങ്ങളോട് പറഞ്ഞു.

സിഡ്‌നിയിലെ രണ്ടാം ദിന മത്സരം നടക്കുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി ബുംമ്ര ഗ്രൗണ്ട് വിട്ടത്. ലഞ്ചിന് ശേഷം ഓരോവര്‍ മാത്രമെറിഞ്ഞ ബുംമ്ര ടീം ഡോക്ടര്‍മാര്‍ക്കൊപ്പമാണ് മൈതാനം വിട്ടത്. താരത്തിന്റെ കൈയ്ക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയത് മൂലം സ്‌കാനിങ്ങിന് വിധേയനാക്കാന്‍ കൊണ്ട് പോയതാണെന്നാണ് വിവരം. തുടർന്ന് രണ്ടര മണിക്കൂറിനുള്ളിൽ താരം സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.

രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രിത് ബുംമ്രയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിക്കുന്നത്. ബുംമ്ര കളംവിട്ടതിന് ശേഷം വിരാട് കോഹ്‌ലിയാണ് ഫീല്‍ഡ് നിയന്ത്രിച്ചത്. ബുംമ്രയ്ക്ക് എന്താണ് സംഭവിച്ചതെന്നോ താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.

തിരിച്ചെത്തിയ ബുംമ്ര ഇനി സിഡ്‌നിയില്‍ പന്തെറിയാനായി ഇറങ്ങുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ മത്സരത്തില്‍ ബുംമ്ര വിട്ടുനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. താരം ഡ്രസിങ് റൂമിലേക്ക് നടന്നുപോയതും വളരെ ആത്മവിശ്വാസത്തോടെയാണ്.

Content Highlights: Prasidh Krishna confirms Jasprit Bumrah's injury, SCG Test participation under cloud

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us