സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർച്ചയിൽ നിന്നും കരകയറി അഫ്ഗാനിസ്ഥാൻ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ്. 205 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡും അഫ്ഗാന് സ്വന്തമായി. സ്കോർ അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 157, സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ 243. അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 291-7.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ഒരു ഘട്ടത്തിൽ അഫ്ഗാൻ ആറിന് 136 എന്ന നിലയിൽ തകർന്നു. ഏഴാം വിക്കറ്റിൽ റഹ്മത്ത് ഷായും ഇസ്മത്ത് അലമും ചേർന്നാണ് അഫ്ഗാൻ സ്കോർ ഉയർത്തിയത്. 275 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 139 റൺസ് റഹ്മത്ത് ഷാ നേടി.
122 പന്തിൽ നാല് ഫോറടക്കം 64 റൺസെടുത്ത ഇസ്മത്ത് അലം ക്രീസിൽ തുടരുകയാണ്. 12 റൺസുമായി റാഷിദ് ഖാനാണ് അലമിന് കൂട്ട്. സിംബാബ്‍വെ നിരയിൽ ബ്ലെസിങ് മുസാറബാനി നാല് വിക്കറ്റെടുത്തു. നേരത്തെ അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ 157 റൺസ് നേടിയിരുന്നു. ഇതിന് മറുപടിയായി സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ 243 റൺസെടുത്തു. 86 റൺസിന്റെ ലീഡാണ് സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ നേടിയത്.
Content Highlights: Rahmat's gritty hundred extends Afghanistan lead